
ന്യൂഡൽഹി: രാജ്യത്ത് ചില സംസ്ഥാനങ്ങളിൽ വീണ്ടും കൊവിഡ് കേസുകളുയരുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. നാളെ ഉച്ചയ്ക്ക് 12.30ന് വീഡിയോ കോൺഫറൻസിംഗിലൂടെയാണ് യോഗമെന്ന് കേന്ദ്രസർക്കാർവൃത്തങ്ങൾ അറിയിച്ചു. 85 ദിവസത്തിനിടെയുള്ള ഏറ്റവും ഉയർന്ന കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 26291 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 118 പേർ മരിച്ചു. അതേസമയം,
കഴിഞ്ഞ ഒരു മാസമായി കേരളത്തിലെ കേസുകൾ തുടർച്ചയായി കുറയുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ജനങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും ഇതാണ് കേസുകളുയരുന്നതിന് പ്രധാനകാരണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ പറഞ്ഞു.