
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഇടതുപാർട്ടികൾ സ്ത്രീകൾക്ക് കൂടുതൽ അവസരം നൽകുമെന്ന പ്രതീക്ഷയുണ്ടായിരുന്നുവെന്നും ആ രീതിയിലുള്ള തീരുമാനം ഉണ്ടായില്ലെന്നത് നിരാശാജനകമാണെന്നും സി.പി.ഐ അഖിലേന്ത്യ നേതാവ് ആനിരാജ പറഞ്ഞു. ബി.ജെ.പിയുടെ എ ക്ലാസ് സീറ്റിൽ ഒരു വനിത പോലുമില്ല. കേരളത്തിലെ സ്ത്രീകളെ ബി.ജെ.പി ബി ക്ലാസും സി ക്ലാസുമായി കാണുകയാണ്. കോൺഗ്രസ് നേതാവ് ലതികാ സുഭാഷിന്റെ തലമുണ്ഡനം ചെയ്തുള്ള പ്രതിഷേധത്തോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം സ്ത്രീവിരുദ്ധമാണ്. ലതിക സുഭാഷ് തലമുണ്ഡനം ചെയ്തത് മറ്റെന്തോ കാരണം കൊണ്ടാണെന്ന മുല്ലപ്പള്ളിയുടെ പരാമർശം അപഹസിക്കലാണ്. നിയമസഭയും പാർലമെന്റുമൊക്കെ പുരുഷന്മാർക്ക് മതിയെന്ന പ്രതികാരബുദ്ധികൊണ്ടാണോ വനിതാ പ്രാതിനിദ്ധ്യം കുറയുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ആനിരാജ പറഞ്ഞു.