mulla

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയിൽ വീഴ്ച വരുത്തിയതിന് മേൽനോട്ട സമിതിക്കും തമിഴ്നാട് സർക്കാരിനും സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. അണക്കെട്ടിന്റെ സുരക്ഷയ്ക്കായി നിയോഗിച്ച മേൽനോട്ട സമിതി കൃത്യമായി പ്രവർത്തിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. ദീർഘകാലമായി കേരളം ഉന്നയിക്കുന്ന ആവശ്യത്തിനും ആശങ്കയ്ക്കും അടിവരയിടുന്നതാണ് സുപ്രീംകോടതിയുടെ ഈ നിർദ്ദേശം.

കേരളത്തിന്റെ വാദങ്ങൾ നിരാകരിച്ചും തമിഴ്നാടിന്റെ ആവശ്യം അംഗീകരിച്ചും മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിൽ നിന്ന് 142 ആയി ഉയർത്താൻ സുപ്രീംകോടതി ആറു വർഷം മുമ്പ് അനുമതി നൽകിയിരുന്നു.
ജലനിരപ്പ് ഉയർത്തിയെങ്കിലും അണക്കെട്ടിന്റെ സുരക്ഷയിൽ പരമപ്രധാനമായ ഇൻസ്ട്രുമെന്റേഷൻ, റൂൾ കർവ്, ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ എന്നിവ നടപ്പാക്കിയില്ല. ഈ വീഴ്ച വരുത്തിയതിന് കേന്ദ്ര ജലകമ്മിഷൻ ചീഫ് എൻജിനീയർ ഗുൽഷൻ രാജ് ചെയർമാനും കേരളത്തിലെ അഡിഷണൽ ചീഫ് സെക്രട്ടറി ടി.കെ.ജാേസ്, തമിഴ്നാട് പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി കെ.മണിവാസൻ എന്നിവർ അംഗങ്ങളുമായ മേൽനോട്ട സമിതിയെയും തമിഴ്നാട് സർക്കാരിനെയും കോടതി രൂക്ഷമായി വിമർശിച്ചു.

റൂൾ കർവ് ഷെഡ്യൂൾ നിശ്ചയിക്കുന്നതിനുള്ള വിവരങ്ങൾ തമിഴ്‌നാട് രണ്ടാഴ്ചയ്ക്കകം മേൽനോട്ട സമിതിക്ക് കൈമാറണം. വീഴ്ച വരുത്തിയാൽ തമിഴ്നാട് ചീഫ് സെക്രട്ടറി നടപടി നേരിടേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.

തമിഴ്‌നാടിന്റെ റിപ്പോർട്ട് അടിസ്ഥാനമാക്കി അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് അന്തിമ റിപ്പോർട്ട് നാലാഴ്ചയ്ക്കകം സമർപ്പിക്കാൻ മേൽനോട്ട സമിതിക്ക് സുപ്രീം കോടതി നിർദേശം നൽകി.

സുപ്രീംകോടതി നിയോഗിച്ച മേൽനോട്ട സമിതി ശരിയായി പ്രവർത്തിക്കുന്നില്ലെന്നും ചുമതലകൾ ഉപസമിതിക്ക് നൽകിയെന്നും ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് കോടതിയുടെ നിർദേശം. പി.ജെ. ജോസഫിന്റെ മരുമകനും കിഴക്കമ്പലം 20-ട്വന്റി കൂട്ടായ്മയുടെ കോതമംഗലം മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ ഡോ.ജോ ജോസഫ് അടക്കമുള്ളവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

പ്രളയം, ഭൂചലനം തുടങ്ങിയവ അതിജീവിക്കാൻ തക്കവിധം അണക്കെട്ട് ശക്തമാണെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. അണക്കെട്ടിന്റെ സുരക്ഷ നിരീക്ഷിക്കാൻ രൂപീകരിച്ച ഉപസമിതിക്ക് മേൽനോട്ട സമിതിയുടെ അധികാരങ്ങൾ കൈമാറിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

ഹർജി അടുത്ത മാസം 22 ന് പരിഗണിക്കാൻ മാറ്റി. ജൂലായ് ഒന്ന് മുതൽ സെപ്തംബർ 30 വരെയുള്ള മഴക്കാലത്ത് ജലനിരപ്പ് 130 അടിയാക്കി കുറയ്ക്കണമെന്നാവശ്യപ്പെട്ട് റസൽ ജോയ് നൽകിയ ഹർജിയും സുപ്രീംകോടതിയിലുണ്ട്.

പരമപ്രധാനം, എന്നിട്ടും...

ഗേറ്റ് ഓപ്പറേഷൻ: ജലനിരപ്പ് 136 അടിയിൽ നിന്ന് 142 ആക്കിയതോടെ 13 ഷട്ടറുകളും അടച്ചിരിക്കുകയാണ്. ഷട്ടറുകൾ ഏതുനിമിഷവും ഉയർത്താനും താഴ്ത്താനും കഴിയുംവിധം പരിപാലിക്കുന്നതാണ് ഗേറ്റ് ഓപ്പറേഷൻ. (ഇതിൽ വീഴ്ച).

റൂൾ കർവ്: ജലനിരപ്പ് ക്രമാതീതമാകുമ്പോൾ,ഷട്ടറുകൾ ഉയർത്തുന്നതിനനുസരിച്ച് പുറത്തേക്ക് പോകുന്ന ജലം പെരിയാറിന്റെ തീരങ്ങളിൽ സൃഷ്ടിക്കുന്ന വെള്ളപ്പൊക്കം മുൻകൂട്ടി കണക്കാക്കാൻ തയ്യാറാക്കുന്ന രൂപരേഖ. (തയ്യാറാക്കിയിട്ടില്ല)

ഇൻസ്ട്രുമെന്റേഷൻ: അണക്കെട്ടിന്റെ ബലക്ഷയം അടക്കമുള്ള പ്രശ്നങ്ങൾ യഥാസമയം തിരിച്ചറിയാനുള്ള സങ്കേതിക സംവിധാനങ്ങൾ. (സജ്ജമാക്കിയിട്ടില്ല)