covid

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ രണ്ടാം കൊവിഡ് തരംഗ മുന്നറിയിപ്പുമായി കേന്ദ്രം. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത 24,492 കേസുകളിൽ 15,051 കേസുകൾ മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്തെ കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം കഴിഞ്ഞ ഒരാഴ്ചയായി 10,000ത്തിന് മുകളിലാണ്. കൊവിഡ് വ്യാപനം തടയുന്നതിനായുള്ള അടിയന്തിര നടപടികൾ സ്വീകരിക്കാനും പരിശോധനയും വാക്‌സിനേഷനും വർദ്ധിപ്പിക്കാനും നിർദ്ദേശിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ,​ മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.

കഴിഞ്ഞയാഴ്ച കേന്ദ്രസംഘം സംസ്ഥാനം സന്ദർശിച്ചിരുന്നു. 20ൽ ഒരാൾക്ക് രോഗം എന്ന അനുപാതത്തിൽ കൊവിഡ് വ്യാപിക്കുകയാണ്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.21 ശതമാനമാണ്. രോഗമുക്തി നിരക്ക് 92.21 ശതമാനവും. മരണനിരക്ക് 2.28 ശതമാനവും. ഭാഗികമായ വാരാന്ത്യ ലോക്ക് ഡൗൺ, രാത്രികാല കർഫ്യൂ എന്നിവ നടപ്പിലാക്കാം. ആഴ്ച ചന്തകൾ ഈ മാസം 31വരെ പൂർണമായും അടച്ചിടണം. 2.20 കോടി അധിക ഡോസ് കൊവിഡ് വാക്‌സിൻ മഹാരാഷ്ട്ര ആവശ്യപ്പെട്ടിട്ടുണ്ട്. ശിരോമണി അകാലിദൾ അദ്ധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദലിന് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 131 മരണം റിപ്പോർട്ട് ചെയ്തു.