balasankar

ന്യൂഡൽഹി: സി.പി.എമ്മുമായി ബി.ജെ.പി സംസ്ഥാന നേതൃത്വമുണ്ടാക്കിയ രഹസ്യ ധാരണയെ തുടർന്നാണ് ചെങ്ങന്നൂരിൽ തനിക്ക് സീറ്റ് നഷ്‌ടമായതെന്ന് ബി.ജെ.പി ഇന്റലക്‌ച്വൽ വിഭാഗം മേധാവി ആർ. ബാലശങ്കർ ആരോപിച്ചു. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിൽ ജനാധിപത്യമില്ലെന്നും മാഫിയ സ്വഭാവത്തിലാണ് പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരിൽ ജില്ലാ അദ്ധ്യക്ഷൻ എം.വി. ഗോപകുമാറാണ് ബി.ജെ.പി സ്ഥാനാർത്ഥി.

ചെങ്ങന്നൂരിൽ സ്ഥാനാർത്ഥിയായത് സി.പി.എമ്മിന് വേണ്ടപ്പെട്ടയാളാണ്. അയാളൊരു സ്ഥാനാർത്ഥിയാണെന്ന് തോന്നുന്നില്ല. കോന്നിയിൽ കെ.സുരേന്ദ്രന് വിജയമുറപ്പാക്കാൻ ചെങ്ങന്നൂരിലും ആറൻമുളയിലും സി.പി.എമ്മുമായി വിട്ടുവീഴ്ച ചെയ്യാൻ ധാരണയുള്ളതായി തോന്നുന്നു. ചെങ്ങന്നൂരും ആറൻമുളയും ബി.ജെ.പിക്ക് നല്ല ശക്തിയുള്ള മണ്ഡലങ്ങളാണ്.

തന്നെപ്പോലുള്ളവർക്ക് സീറ്റ് നിഷേധിക്കുന്നതും, പാർട്ടി അദ്ധ്യക്ഷൻ രണ്ടിടത്ത് മത്സരിക്കുന്നതും ജനാധിപത്യപരമല്ല. കേന്ദ്ര നേതൃത്വം അംഗീകരിച്ചിട്ടും എന്തുകൊണ്ട് ഒഴിവാക്കപ്പെട്ടുവെന്ന്

തനിക്കറിയില്ല. മൂന്ന് മാസം ചെങ്ങന്നൂരിൽ പ്രവർത്തിച്ചപ്പോൾ ഈഴവ, നായർ, ക്രൈസ്‌തവ സമുദായങ്ങളുടെ പിന്തുണ ലഭിച്ചിരുന്നു. ആർ.എസ്.എസ് പ്രവർത്തന പാരമ്പര്യമുള്ള താൻ ചെങ്ങന്നൂരുകാരനാണ്. 50 വർഷമായി പാർട്ടിക്കു വേണ്ടി നിസ്വാർത്ഥ പ്രവർത്തനം നടത്തുന്ന തനിക്ക് സീറ്റ് നിഷേധിച്ചത് നീതിയല്ലെന്നും ബാലശങ്കർ പറഞ്ഞു.