
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ ഉപദേഷ്ടാവ് പി.കെ സിൻഹ രാജിവച്ചു. വ്യക്തിഗത കാരണങ്ങൾ കാട്ടിയാണ് രാജിയെങ്കിലും അദ്ദേഹം ലഫ്റ്റനന്റ് ഗവർണർ പോലുള്ള ഭരണഘടനാ പദവിയിൽ നിയമിതനായേക്കുമെന്ന് റിപ്പോർട്ടുണ്ട്. പ്രധാനമന്ത്രിയുടെ കാലാവധി തീരും വരെയായിരുന്നു പ്രിൻസിപ്പൽ ഉപദേഷ്ടാവിന്റെ നിയമനം.
1977 ബാച്ചുകാരനായ മുൻ യു.പി കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് സിൻഹ. നാലു വർഷം കാബിനറ്റ് സെക്രട്ടറിയായിരുന്നു. സിവിൽ സർവീസിലെ ഏറ്റവും ഉയർന്ന ആ തസ്തികയിൽ മൂന്നു തവണ നിയമനം നീട്ടി ലഭിച്ച ആദ്യ ഓഫീസറാണ്. 2019 ലാണ് പ്രിൻസിപ്പൽ ഉപദേഷ്ടാവായത്.
പി.എം.ഒയിൽ സിൻഹയെ കൊണ്ടുവരാനായിരുന്നു പ്രിൻസിപ്പൽ ഉപദേഷ്ടാവ് തസ്തിക തന്നെ സൃഷ്ടിച്ചത്. മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഏജൻസികൾ, സമിതികൾ തുടങ്ങിയവയുടെ നയപരമായ കാര്യങ്ങളുടെ മേൽനോട്ടം അദ്ദേഹത്തിനായിരുന്നു. പ്രിൻസിപ്പൽ സെക്രട്ടറി പി.കെ മിശ്ര, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരെ പോലെ സിൻഹയ്‌ക്ക് കേന്ദ്ര മന്ത്രി പദവി നൽകിയിരുന്നില്ല.
നേരത്തെ അഡിഷണൽ സെക്രട്ടറി എ.കെ ശർമ്മ രാജിവച്ച് ഉത്തർപ്രദേശ് ബി.ജെ.പിയുടെ ഭാഗമായിരുന്നു.പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര രാജി വച്ച് ലോക്‌സഭയിലേക്ക് മത്സരിച്ചിരുന്നു.