ന്യൂഡൽഹി: കേരളത്തിലെ ഗ്രൂപ്പിസത്തെ വിമർശിച്ച് കോൺഗ്രസ് വിട്ട മുതിർന്ന നേതാവും മുൻ എം.പിയുമായ പി.സി. ചാക്കോ എൻ.സി.പിയിൽ ചേർന്നു. എൻ.സി.പി നേതാവ് ശരത് പവാറുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം ചാക്കോ തന്നെയാണ് പ്രഖ്യാപനം നടത്തിയത്. ഇന്നു മുതൽ എൽ.ഡി.എഫിനായി പ്രചാരണം നടത്തുമെന്ന് ചാക്കോ പറഞ്ഞു. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തി.
ബി.ജെ.പിയുമായി ചേരാനാവില്ലെന്നും കോൺഗ്രസിന് സമാനമായ സ്വഭാവമുള്ളതിനാലാണ് എൻ.സി.പിയിൽ ചേർന്നതെന്നും ചാക്കോ പറഞ്ഞു. എൻ.സി.പിയുമായി കാലങ്ങളായി അടുത്ത ബന്ധമുണ്ട്. കോൺഗ്രസിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ പവാറിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ബി.ജെ.പിക്കെതിരെ പ്രതിപക്ഷത്തെ ശക്തിപ്പെടുത്താൻ യോഗ്യനായ നേതാവാണ് അദ്ദേഹം. എൻ.സി.പിയിൽ ചേരാനുള്ള പ്രധാന കാരണവും അതാണ്. ഇന്നുമുതൽ കേരളത്തിലുടനീളം എൽ.ഡി.എഫിനായി പ്രചാരണം നടത്തും. കേരളത്തിൽ ഇടതുമുന്നണി അധികാരത്തിൽ തുടരുമെന്നും ചാക്കോ പറഞ്ഞു.
ചാക്കോയെ എൽ.ഡി.എഫിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹവുമായി ദീർഘകാലത്തെ പരിചയമുണ്ടെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
എ, ഐ ഗ്രൂപ്പുകളെയും ഹൈക്കമാൻഡിനെയും രൂക്ഷമായി വിമർശിച്ചാണ് ഒരു കാലത്ത് വിശ്വസ്തനായിരുന്ന ചാക്കോ കോൺഗ്രസ് വിട്ടത്. ആന്റണി കോൺഗ്രസിന്റെ ഭാഗമായിരുന്നപ്പോൾ ഇ.കെ. നായനാർ സർക്കാരിൽ വ്യവസായ മന്ത്രിയായിരുന്നു. ആന്റണിക്കു പുറകെ പിന്നീട് കോൺഗ്രസിലേക്ക് മടങ്ങി. ഇപ്പോൾ കോൺഗ്രസ് വിട്ട് എൻ.സി.പിയിലൂടെ ചാക്കോ വീണ്ടും ഇടതു മുന്നണിയുടെ ഭാഗമാകുകയാണ്.