
ന്യൂഡൽഹി: പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായ സ്വപൻദാസ് ഗുപ്‌ത രാജ്യസഭാംഗത്വം രാജിവച്ചു. രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായ സ്വപൻദാസ് ഗുപ്‌ത ബി.ജെ.പി ടിക്കറ്റിൽ നിയമസഭയിലേക്ക് മത്സരിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് തൃണമൂൽ ആരോപിച്ചിരുന്നു. നോമിനേറ്റ് ചെയ്യപ്പെടുന്നവർക്ക് ആറുമാസത്തിനുള്ളിൽ ഏതെങ്കിലും പാർട്ടിയിൽ ചേരാം. എന്നാൽ 2016 ഏപ്രിലിൽ രാജ്യസഭാംഗമായ ഗുപ്‌ത ഇതുവരെ ഒരു പാർട്ടിയിലും ചേർന്നിരുന്നില്ല. ഇപ്പോൾ ബി.ജെ.പിയിൽ ചേർന്നു. ഇത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഗുപ്‌തയെ പത്താം ഷെഡ്യൂൾ പ്രകാരം അയോഗ്യത കല്പിക്കാൻ രാജ്യസഭാ അദ്ധ്യക്ഷനെ സമീപിക്കുമെന്ന് തൃണമൂൽ എം.പി മഹുവാ മൊയിത്ര പറഞ്ഞതിന് പിന്നാലെയാണ് രാജി. മുൻ മാദ്ധ്യമ പ്രവർത്തകനായ സ്വപൻദാസ് ഗുപ്‌ത പശ്‌ചിമ ബംഗാളിലെ താരകേശ്വറിലാണ് മത്സരിക്കുന്നത്.