abortion

ന്യൂഡൽഹി: പീഡനക്കേസിലെ ഇരകൾ അടക്കമുള്ളവർക്ക് പ്രത്യേക സാഹചര്യങ്ങളിൽ ഗർഭച്ഛിദ്രം നടത്താനുള്ള കാലാവധി നിലവിലെ 20 ആഴ്ചയിൽ നിന്ന് 24 ആഴ്ചയായി വർദ്ധിപ്പിക്കുന്ന മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ഭേദഗതി ബില്ലിന് പാർലമെന്റിന്റെ അംഗീകാരം. ബിൽ ഇന്നലെ രാജ്യസഭ ശബ്ദവോട്ടോടെ പാസാക്കി. ലോക്‌സഭ ഒരു വർഷം മുമ്പ് പാസാക്കിയതാണിത്.

പീഡനത്തിന് ഇരയാകുന്നവർ, നിർബന്ധ വേശ്യാവൃത്തി നടത്തേണ്ടി വരുന്നവർ, ഭിന്നശേഷിക്കാർ തുടങ്ങി പ്രത്യേക സാഹചര്യങ്ങളിലുള്ളവർക്ക് ഭ്രൂണത്തിന് 24 ആഴ്ച പ്രായമായാലും ഗർഭച്ഛിദ്രം നടത്താൻ അനുമതി നൽകുന്നതാണ് ബിൽ. നിലവിൽ 20 ആഴ്ച വരെയാണ് ഗർഭച്ഛിദ്രം നടത്താൻ അനുമതിയുള്ളത്.

ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നതടക്കമുള്ള പ്രതിപക്ഷ ഭേദഗതി നിർദ്ദേശങ്ങൾ ശബ്ദ വോട്ടിനിട്ട് തള്ളി. ആഗോള തലത്തിൽ സ്വീകരിക്കുന്ന നടപടികൾ വിശദമായി പഠിച്ച ശേഷമാണ് നിയമ ഭേദഗതി തയാറാക്കിയതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഒരു സർക്കാർ സ്ത്രീകൾക്ക് ദോഷം ചെയ്യുന്ന ഒരു നടപടിയും സ്വീകരിക്കില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർദ്ധൻ മറുപടിയിൽ ചൂണ്ടിക്കാട്ടി.

ഉപധനാഭ്യർത്ഥന ബില്ലുകൾ പാസാക്കുന്നതിനാൽ എം.പിമാരോട് ഇന്ന് സഭയിൽ ഹാജരാവാൻ ബി.ജെ.പി വിപ്പ് നൽകി.

 റെയിൽവേ സ്വകാര്യവത്‌കരണം അനിവാര്യമെന്ന്

സേവനങ്ങൾ മെച്ചപ്പെടാൻ റെയിൽവേയിൽ സ്വകാര്യവത്കരണം അനിവാര്യമാണെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ലോക്‌സഭയിൽ റെയിൽവേയ്‌ക്കുള്ള ഉപധനാഭ്യർത്ഥന ബില്ലിന്റെ ചർച്ചയ്‌ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. റെയിൽവേയിലെ സ്വകാര്യവത്‌കരണം വ്യാപകമായി വിമർശിക്കപ്പെടുന്നു. എന്നാൽ നമ്മുടെ റോഡുകളിൽ സർക്കാർ വാഹനങ്ങൾ മാത്രം മതിയെന്ന് ആരും പറയില്ല. സാമ്പത്തിക വളർച്ചയ്ക്കും മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കനും റെയിൽവെയിലും സ്വകാര്യവത്കരണം അനിവാര്യമാണെന്നും എങ്കിലും റെയിൽവേ കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിൽ തുടരുമെന്നും റെയിൽവേ മന്ത്രി ചൂണ്ടിക്കാട്ടി.

പാർലമെന്റ് സന്ദർശിക്കാനെത്തിയ അന്താരാഷ്‌ട്ര പാർലമെന്ററി യൂണിയൻ അദ്ധ്യക്ഷൻ ദുറാത്തെ പച്ചേക്കോ ഇന്നലെ സെൻട്രൽ ഹാളിൽ ഇരു സഭകളിലെയും എം.പിമാരെ അഭിസംബോധന ചെയ്‌തു. പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്‌സഭാ സ്‌പീക്കർ ഓം ബിർള, രാജ്യസഭാ ഉപാദ്ധ്യക്ഷൻ ഹരിവംശ് തുടങ്ങിയവർ പങ്കെടുത്തു.

ഡൽഹി ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്ന ബില്ലിൽ പ്രതിഷേധിച്ച് ഇന്നലെ പാർലമെന്റിനു മുന്നിൽ ആംആദ്മി എം.പിമാർ പ്രതിഷേധിച്ചു.