
ന്യൂഡൽഹി: ആന്ധ്രാപ്രദേശിലെ തിരുപ്പതി, കർണാടകയിലെ ബെൽഗാം ലോക്സഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഏപ്രിൽ 17ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. കേരളമടക്കം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾക്കൊപ്പം മെയ് രണ്ടിനാണ് വോട്ടെണ്ണൽ.
റെയിൽവെ സഹമന്ത്രിയായിരുന്ന ബി.ജെ.പി നേതാവ് സുരേഷ് അംഗഡിയുടെ മരണത്തെ തുടർന്നാണ് ബെൽഗാമിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. തിരുപ്പതിയിൽ വൈ.എസ്.ആർ കോൺഗ്രസ്എംപിയായിരുന്ന നേതാവ് ബാലി ദുർഗാ പ്രസാദ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
ഗുജറാത്ത്, ജാർഖണ്ഡ്, മധ്യപ്രദേശ്, കർണാടക, മഹാരാഷ്‌ട്ര, മിസോറാം, രാജസ്ഥാൻ, നാഗലാൻഡ്, ഒഡിഷ, തെലങ്കാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ 14 അസംബ്ളി സീറ്റുകളിലേക്കും ഏപ്രിൽ 17ന് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ.