
ന്യൂഡൽഹി: വിമാനത്തിനുള്ളിൽ മാസ്ക് ശരിയായി ധരിക്കാത്തതിനെ തുടർന്ന് നാല് യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തി അലൈൻസ് എയർ. കഴിഞ്ഞ 16ന് 91- 614 ജമ്മു - ഡൽഹി വിമാനത്തിലെ നാല് യാത്രക്കാർ മാസ്ക് കൃത്യമായി ധരിക്കാൻ വിസമ്മതിക്കുകയായിരുന്നു. പൈലറ്റും കാബിൻ ക്രൂ അംഗങ്ങളും അനൗൺസ്‌മെന്റിലൂടെയും വ്യക്തിപരമായും നിരന്തരമായി ആവശ്യപ്പെട്ടിട്ടും ഇവർ ചെവികൊണ്ടില്ല. തുടർന്നാണ് അലൈൻസ് എയർ ഇവർക്കെതിരെ നടപടിയെടുത്തത്.
ഡൽഹിയിൽ വിമാനം ലാൻഡ് ചെയ്തയുടൻ നാല് യാത്രക്കാരെയും സുരക്ഷാ ജീവനക്കാർക്ക് കൈമാറി. മൂന്ന് മാസത്തേക്ക് വിലക്ക് ഏർപ്പെടുത്തണമെന്നാണ് നിർദ്ദേശം. ഡൽഹി ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം, മാസ്ക് ധരിക്കാത്തതടക്കം കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് വിമാനയാത്ര വിലക്കണമെന്ന് വ്യോമയാനമന്ത്രാലയം കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.