
ന്യൂഡൽഹി: ഹിമാചൽപ്രദേശിലെ മണ്ഡിയിൽ നിന്നുള്ള ലോക്‌സഭാംഗവും ബി.ജെ.പി നേതാവുമായ രാംസ്വരൂപ് ശർമ്മയെ (62) ഡൽഹിയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും അന്വേഷണം നടത്തുകയാണെന്നും ഡൽഹി പൊലീസ് അറിയിച്ചു. ആത്മഹത്യാകുറിപ്പൊന്നും ലഭിച്ചിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുമെന്നും പൊലീസ് അറിയിച്ചു.
ശർമ്മയോടുള്ള ആദരസൂചകമായി ലോക്‌സഭാ നടപടികൾ ഉച്ചവരെ പിരിഞ്ഞു. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ശിവസേന എം.പി വിനായക് റാവത്ത് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഇന്നലെ നടത്താനിരുന്ന ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗവും മാറ്റിവച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവർ അനുശോചിച്ചു.
ഡൽഹി ആർ.എം.എൽ ആശുപത്രിക്ക് സമീപത്തെ എം.പിമാർക്കുള്ള അപ്പാർട്ട്‌മെന്റിലെ സ്വന്തം മുറിയിൽ താമസിച്ചിരുന്ന ശർമ്മ നേരം വെളുത്തിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് രാവിലെ 7.45ഓടെ സഹായി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി വാതിൽ തള്ളിതുറന്ന് അകത്ത് കയറിയപ്പോൾ ശർമ്മയെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. വിവരമറിഞ്ഞയുടൻ കേന്ദ്രധനകാര്യസഹമന്ത്രി അനുരാഗ് താക്കൂർ സ്ഥലത്തെത്തി.
സജീവ ആർ.എസ്.എസ് പ്രവർത്തകനായ ശർമ്മ ഹിമാചൽ മുഖ്യമന്ത്രി ജയ്‌റാം താക്കൂറിന്റെ വിശ്വസ്തനാണ്.
2014ൽ മുൻ മുഖ്യമന്ത്രി വീരഭദ്രസിംഗിന്റെ ഭാര്യയും സിറ്റിംഗ് എം.പിയുമായിരുന്ന പ്രതിഭാ സിംഗിനെ തോല്പിച്ചാണ് ശർമ്മ ആദ്യമായി ലോക്‌സഭയിലെത്തുന്നത്. 2019ലും വിജയം ആവർത്തിച്ചു.
ഒരുമാസത്തിനിടെ രണ്ടാമത്തെ എം.പിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്.
കഴിഞ്ഞമാസം ദാദ്ര നഗർഹവേലി എം.പിയും ഭാരതീയ നവശക്തി പാർട്ടി നേതാവുമായ മോഹൻ എസ്. ദേൽക്കർ മുംബയിലെ ഹോട്ടലിൽ തൂങ്ങിമരിച്ചിരുന്നു.