v-muraleedharan

ന്യൂഡൽഹി: ബി.ജെ.പി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പ് മറികടന്നാണ് ശോഭാ സുരേന്ദ്രനെ കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയാക്കിയതെന്ന വാർത്ത കേന്ദ്രമന്ത്രി വി. മുരളീധരൻ നിഷേധിച്ചു. എല്ലാ സീറ്റുകളും ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വമാണ് തീരുമാനിക്കുന്നത്.

ശോഭാ സുരേന്ദ്രനെ ഇന്നലെ രാവിലെ വിളിച്ച് വിജയാശംസ നേർന്നിരുന്നു. സംസ്ഥാന നേതൃത്വം വെട്ടാൻ ശ്രമിച്ചെന്ന് അവർ തന്നോട് പറഞ്ഞിട്ടില്ല. ശോഭയെ നിയമസഭയിലെത്തിക്കാൻ പ്രചാരണത്തിന് താനുമുണ്ടാകും. കഴക്കൂട്ടത്ത് പാർട്ടി തീരുമാനിച്ചാൽ മത്സരിക്കുമെന്ന് മാത്രമാണ് താൻ പറഞ്ഞത്. എം.ടി. രമേശ് പറഞ്ഞ കാര്യത്തെക്കുറിച്ച് അറിയില്ല.

സീറ്റ് ലഭിക്കാത്ത സാഹചര്യത്തെ തുടർന്ന് ബാലശങ്കർ നടത്തിയ വൈകാരിക പ്രകടനമാണ് കഴിഞ്ഞ ദിവസമുണ്ടായത്. അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം മാത്രമാണത്. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചേർന്നാണ് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്ക് മുകളിലുള്ള ഒരാളും സംസ്ഥാന ബി.ജെ.പിയിലില്ലെന്നും വി. മുരളീധരൻ വ്യക്തമാക്കി.