asam

ആസാമിൽ ബി.ജെ.പിക്ക് ഭരണത്തുടർച്ച ലഭിച്ചാൽ ആരാകും മുഖ്യമന്ത്രി ? സർബാനന്ദ സോനോവാൾ തുടരുമോ. അതോ പ്രബല നേതാവും മന്ത്രിയുമായ ഹിമന്ത ബിശ്വ ശ‌ർമ്മയോ? ഹിമന്തയെന്ന മുൻ കോൺഗ്രസ് നേതാവിനെ ചുറ്റിപ്പറ്റിയാണ് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ചകൾ.2016ൽ സോനോവാളിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാണ് ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇക്കുറി ഒരു പേരില്ല. അധികാരം ലഭിച്ചാൽ അപ്പോൾ തീരുമാനിക്കും. അതിന് ഒറ്റ കാരണമേയുള്ളൂ. - ഹിമന്ത. അസാമിൽ മാത്രമല്ല, മറ്റു വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും അറിയപ്പെടുന്ന നേതാവാണ് 52കാരനായ ഹിമന്ത. താഴെക്കിടയിലുള്ള പ്രവർത്തകരുമായും അടുത്ത ബന്ധം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് കോൺഗ്രസ് അതികായനും മുഖ്യമന്ത്രിയുമായിരുന്ന തരുൺ ഗോഗോയിയോട് ഉടക്കി ഹിമന്ത പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നത്. 15 വർഷത്തെ കോൺഗ്രസ് ഭരണം അവസാനിപ്പിച്ച് ബി.ജെ.പി ഭരണം നേടിയതിൽ ഹിമന്തയുടെ ആ കൂറുമാറ്റം നിർണായകമായിരുന്നു. സോനോവാളായിരുന്നു മുഖ്യമന്ത്രിയെങ്കിലും യഥാർത്ഥത്തിൽ അധികാരം കൈയാളിയത് ഹിമന്ത ശർമ്മയാണെന്നാണ് അങ്ങാടിപ്പാട്ട്. ആരോഗ്യം, ധനകാര്യം, വിദ്യാഭ്യാസം, പൊതുമരാമത്ത് തുടങ്ങിയ സുപ്രധാന വകുപ്പുകളാണ് ഹിമന്ത വഹിച്ചത്. അഞ്ച് വർഷം കൊണ്ട് ഭരണത്തിൽ മാത്രമല്ല പാർട്ടിയിലും ഹിമന്ത നിർണായക ശക്തിയുള്ള ലീഡറായി വളർന്നു. കൊവിഡ് പ്രതിരോധത്തിനും മുന്നിൽ നിന്ന് ജനപ്രിയനായി. യുവാക്കൾ അമ്മാവൻ എന്നാണ് സ്നേഹപൂർവം വിളിക്കുന്നത്. ബി.ജെ.പിക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ മറ്റു പാർട്ടികളിലെ എം.എൽ.എമാരെ ഒപ്പം കൂട്ടാൻ ശേഷിയുള്ള നേതാവാണ് ഹിമന്ത. ബി.ജെ.പി സ്ഥാനാർത്ഥികളിൽ ഭൂരിഭാഗവും അദ്ദേഹത്തിന്റെ വിശ്വസ്തരാണ്.തരുൺ ഗോഗോയി അന്തരിച്ചതോടെ വൻ മരത്തിന്റെ അഭാവത്തിൽ കോൺഗ്രസിന്റെ പ്രതിപക്ഷ മഹാസഖ്യവും മുഖ്യമന്ത്രി മുഖമില്ലാതെയാണ് മത്സരിക്കുന്നത്.

എളുപ്പമല്ല കാര്യങ്ങൾ !

അഭിപ്രായ സർവേകൾ ഭരണത്തുടർച്ച പ്രവചിക്കുന്നുണ്ടെങ്കിലും ബി.ജെ.പിക്ക് അത്ര എളുപ്പമല്ല കാര്യങ്ങൾ. ഭരണവിരുദ്ധവികാരമുണ്ട്. പൗരത്വനിയമ ഭേദഗതി, പൗരത്വപട്ടിക എന്നിവയിൽ കേന്ദ്രസർക്കാർ വിരുദ്ധ പ്രതിഷേധം ശക്തമായിരുന്നു. കോൺഗ്രസ്, എ.ഐ.യു.ഡി.എഫ്, സി.പി.ഐ, സി.പി.എം, സി.പി.എം.എൽ, എ.ജി.എം, ബി.പി.എഫ്, ആർ.ജെ.ഡി തുടങ്ങിയ പാർട്ടികളാണ് മഹാസഖ്യത്തിൽ.അസാം ഗണപരിഷത്ത്, ബോഡോലാൻഡ് പീപ്പിൾ ഫ്രണ്ട് (ബി.പി.എഫ്)​ എന്നിവരുമായി സഖ്യമുണ്ടാക്കിയാണ് ബി.ജെ.പി കഴിഞ്ഞ തവണ അധികാരം പിടിച്ചത്. ഈ സമവാക്യങ്ങൾ മാറി.ബി.ജെ.പിയുമായി ഉടക്കി ബി.പി.എഫ് മഹാസഖ്യത്തിൽ ചേർന്നു.

2016ൽ ബി.പി.എഫ് ഉൾപ്പെട്ട ബി.ജെ.പി സഖ്യം നേടിയത് 41.49% വോട്ടാണ്. ബി.പി.എഫ് വിട്ടതോടെ ഇത് 37.65 ശതമാനമായി.ഒറ്റയ്ക്ക് മത്സരിച്ച കോൺഗ്രസ് 30.96 ശതമാനവും എ.ഐ.യു.ഡി.എഫ് 13.05 ശതമാനും വോട്ട് നേടിയിരുന്നു. പ്രതിപക്ഷത്തെ കക്ഷികളെല്ലാം ചേരുമ്പോൾ മഹാസഖ്യത്തിനാണ് കടലാസിൽ മുൻതൂക്കം.

35 % വരുന്ന മുസ്ലിങ്ങൾ ഒപ്പം നിൽക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.

അതേസമയം,​പൗരത്വഭേദഗതി നിയമത്തിനെതിരെ രൂപപ്പെട്ട അഖിൽ ഗോഗോയിയുടെ രജിയോർ ദൾ അടക്കമുള്ള ചെറുപാർട്ടികൾ ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാമെന്നാണ് കോൺഗ്രസ് ആശങ്ക.

ഹിമന്ത ബിശ്വ ശ‌ർമ്മ

ജനനം 1969

നിയമ ബിരുദവും ഡോക്ടറേറ്റും

ആൾ അസാം സ്റ്റുഡന്റ്‌സ് യൂണിയന്റെ (ആസു)​ ഭാഗമായി കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിൽ സജീവമായിരുന്നു.

 പിന്നീട് കോൺഗ്രസിൽ ചേർന്നു

2001ൽ ജലൂബ്കരി സീറ്റിൽ നിന്ന് കേൺഗ്രസ് എം. എൽ.എ

2015ൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ

തുടർച്ചയായി ജയിച്ച ജലൂബ്കരിയിൽ ഇത്തവണ ബി.ജെ.പി ടിക്കറ്റിൽ