ak-antony

ന്യൂഡൽഹി: ഭരണമാറ്റത്തിന് അനുകൂലമായ സാഹചര്യം മുന്നിൽക്കണ്ട് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ പരിഭവങ്ങൾ അവസാനിപ്പിച്ച് ഒന്നിച്ച് നിൽക്കണമെന്ന് മുതിർന്ന നേതാവ് എ.കെ. ആന്റണി പറഞ്ഞു.

ഉറപ്പായ ഭരണമാറ്റം പരിഭവത്താൽ നഷ്ടപ്പെടുത്തരുത്. യു.ഡി.എഫ് ഭരണത്തിൽ വരാൻ എല്ലാ സമുദായങ്ങളും ആഗ്രഹിക്കുന്നു. ഭരണ മാറ്റമുണ്ടാകും. അതാണ് കേരളത്തിന്റെ പ്രത്യേകത. രാഷ്‌ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നതിനെക്കാൾ മികച്ച വിജയമുണ്ടാകും. സ്ഥാനാർത്ഥി നിർണയത്തിൽ സ്‌ത്രീകളുടെ പ്രാതിനിദ്ധ്യം കുറഞ്ഞത് സമ്മതിക്കുന്നു. അതേസമയം, യുവാക്കൾക്ക് ഇത്രയധികം പരിഗണന ലഭിച്ച മറ്റൊരു സ്ഥാനാർത്ഥിപ്പട്ടികയില്ല. മറ്റു പാർട്ടികളുടേതിനെക്കാൾ മികച്ചതാണ്. ലതികാ സുഭാഷിന്റെ പ്രതിഷേധമടക്കമുള്ള സംഭവങ്ങൾ നിർഭാഗ്യകരം. നേമത്ത് മുരളീധരൻ മികച്ച വിജയം നേടും. വട്ടിയൂർക്കാവിലെ വിജയവും പിതാവിന്റെ ജനപ്രിയതയും തുണയാകും. കെ. സുധാകരനുമായി ഫോണിൽ സംസാരിച്ചു. കണ്ണൂരിൽ രണ്ട് സീറ്റ് അധികം നേടി അഞ്ചിടത്ത് ജയിക്കുമെന്ന് ഉറപ്പുനൽകി.

സി.പി.എം-ആർ.എസ്.എസ് ബന്ധമെന്ന ആർ.ബാലശങ്കറിന്റെ പ്രസ്താവന എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും, ബി.ജെ.പിക്ക് സ്ഥാനാർത്ഥികളെ വിലയ്‌ക്കു വാങ്ങേണ്ട ഗതികേടാണെന്നും ആന്റണി ചൂണ്ടിക്കാട്ടി.