
ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന വിവാദങ്ങളിൽ മാപ്പു പറഞ്ഞ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനെ തള്ളി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ശബരിമല വിഷയത്തിൽ പാർട്ടി സുപ്രീംകോടതി വിധി നടപ്പാക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം ഒരു വാർത്താ ചാനലിലെ അഭിമുഖത്തിൽ പറഞ്ഞു.
കടകംപള്ളി മാപ്പു പറഞ്ഞത് എന്തിനാണെന്ന് അറിയില്ല. പറഞ്ഞത് എന്താണെന്നും അറിയില്ല. വിധി നടപ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാർ വിധി നടപ്പാക്കുകയായിരുന്നു. വിധി നടപ്പാക്കിയില്ലെങ്കിൽ ഭരണഘടനാ ലംഘനമാകും. അതല്ലാതെ മറ്റു വഴികളുണ്ടായിരുന്നില്ലെന്നും യെച്ചൂരി പറഞ്ഞു.
സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് എൻ.എസ് .എസ്
ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കാനുള്ള ധാർമ്മിക ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും ഉണ്ടെന്നും അത് അറിയാൻ വിശ്വാസികൾക്ക് അവകാശമുണ്ടെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ മാപ്പുപറഞ്ഞത് എന്തിനെന്ന് അറിയില്ലെന്നും ഈ വിഷയത്തിൽ ഉത്തരം പറയേണ്ടത് സംസ്ഥാന ഘടകമാണെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഒരു ചാനലിനു നല്കിയ ഇന്റർവ്യൂവിൽ വ്യക്തമാക്കിയെന്നും സുകുമാരൻ നായർ ചൂണ്ടിക്കാട്ടി.
സി.പി.എമ്മിന്റെ യഥാർത്ഥ നിലപാട് പുറത്തുവന്നു: കെ. സുരേന്ദ്രൻ
കോന്നി: ശബരിമല സ്ത്രീപ്രവേശനത്തിലെ സി.പി.എം നിലപാടിൽ മാറ്റമില്ലെന്ന് അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയതോടെ സംസ്ഥാന സർക്കാരിന്റെ നിലപാട് എന്താണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പത്രസമ്മേളനത്തിൽ ചോദിച്ചു. ശബരിമലയിൽ തെറ്റുപറ്റിയെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അഭിപ്രായം യെച്ചൂരി തള്ളിയതോടെ സി.പി.എമ്മിന്റെ യഥാർത്ഥ നിലപാട് പുറത്തുവന്നു. പാർട്ടിക്കും സർക്കാരിനും ഒരു നിലപാട് തന്നെയാണോയെന്ന് ജനങ്ങൾക്കറിയണം. വിശ്വാസികളെ വേട്ടയാടിയത് തെറ്റായിപ്പോയെന്ന് മുഖ്യമന്ത്രി എന്താണ് പറയാത്തത്. ഗാലറിയിൽ ഇരുന്ന് കളികണ്ടവരെ വിശ്വാസികൾക്കറിയാമെന്നും കോൺഗ്രസിനെ പരിഹസിച്ച് സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി മത്സരിക്കുന്ന ധർമ്മടത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയെ നിറുത്തിയില്ല. രമേശ് ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാട്ടും ഉമ്മൻചാണ്ടി മത്സരിക്കുന്ന പുതുപ്പള്ളിയിലും ഇടതുപക്ഷവും ദുർബലരെയാണ് മത്സരിപ്പിക്കുന്നത്.