lok-sabha

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ചെലവുകൾക്കും വിവിധ പദ്ധതി നടത്തിപ്പിനും സഞ്ചിത നിധിയിൽ നിന്ന് പണമെടുക്കാൻ അധികാരം നൽകുന്ന വിനിയോഗ ബിൽ (അപ്പ്രോപ്രിയേഷൻ ബിൽ) ലോക്‌സഭ ശബ്ദ വോട്ടോടെ പാസാക്കി. ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് വിവിധ വകുപ്പുകൾക്കുള്ള ധനാഭ്യർത്ഥന ബില്ലുകൾ ചർച്ച കൂടാതെ പാസാക്കി.

കേന്ദ്ര സർക്കാരിന്റെ നികുതി, ലൈസൻസ് ഫീ, വായ്പകൾ തുടങ്ങി വരുമാനം സമാഹരിക്കുന്ന സഞ്ചിത നിധിയിൽ നിന്ന് പണമെടുക്കാൻ നിലവിൽ പാർലമെന്റിന്റെ അംഗീകാരം വേണം. അടിയന്തര ഘട്ടങ്ങളിൽ ഈ കടമ്പ മറികടക്കാനുള്ളതാണ് പുതിയ ബിൽ. കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമനാണ് ബിൽ അവതരിപ്പിച്ചത്.

റെയിൽവെ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വകുപ്പുകൾക്കുള്ള ഉപധനാഭ്യർത്ഥന ബില്ലുകൾ കഴിഞ്ഞ ദിവസം ലോക്‌സഭ പാസാക്കിയിരുന്നു. ബാക്കി വകുപ്പുകൾക്കുള്ള ബില്ലുകൾ ചർച്ചയും വോട്ടിംഗും കൂടാതെ പാസാക്കാനാണ് സ്പീക്കർ പ്രത്യേക അധികാരം പ്രയോഗിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പുകൾ കണക്കിലെടുത്ത് ഇരു സഭകളും ധനകാര്യ ബില്ലുകൾ പാസാക്കി നേരത്തെ പിരിയുമെന്നാണ് സൂചന.

 എൻ.ആർ.സി വ്യാപകമാക്കാൻ ഉദ്ദേശ്യമില്ല: കേന്ദ്രം

ദേശീയ പൗരത്വ പട്ടിക രാജ്യവ്യാപകമായി നടപ്പാക്കാൻ സർക്കാരിന് ഉദ്ദേശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായ് രാജ്യസഭയിൽ രേഖാമൂലം മറുപടി നല്കി.

രാജ്യത്ത് ആഭ്യന്തര ഉപയോഗത്തിനുള്ള സ്റ്റോക്ക് ഉറപ്പാക്കിയാണ് വാക്‌സിൻ വിദേശങ്ങളിലേക്ക് കയറ്റി അയ്‌ക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ രാജ്യസഭയിൽ പറഞ്ഞു. വിവിധ ഘട്ടങ്ങളിൽ രാജ്യത്ത് ആവശ്യമുള്ള വാക്സിന്റെ സ്റ്റോക്ക് നിരന്തരം നിരീക്ഷിക്കുന്നുണ്ട്.

ചൈനയുമായുള്ളത് സങ്കീർണമായ ബന്ധം

ചൈനയുമായുള്ള ഇന്ത്യയുടെ ഇടപെടലുകൾ സങ്കീർണമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ലോക്‌സഭയിൽ പറഞ്ഞു. ചർച്ചകളിലുണ്ടാക്കിയ ധാരണകൾ ലംഘിച്ച് ചൈന അതിർത്തിയിൽ നടത്തുന്ന പ്രവർത്തനങ്ങളാണ് ബന്ധം വഷളാക്കുന്നത്.

ഇരു രാജ്യങ്ങളുടെയും ആശങ്കകളും അഭിലാഷങ്ങളും പരിഗണിച്ചുകൊണ്ട് മുന്നോട്ടു നീങ്ങാൻ ധാരണയിലെത്തിയതായും മന്ത്രി പറഞ്ഞു.