farmer

ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കുകയെന്നതടക്കമുള്ള ആവശ്യങ്ങളുയർത്തി, ഹരിയാനയിൽ നിന്നും യു.പിയിൽ നിന്നും ഡൽഹിയിലേക്ക് ഇടത് കർഷക - തൊഴിലാളി സംഘടനകൾ പദയാത്ര സംഘടിപ്പിക്കുന്നു. അഖിലേന്ത്യാ

കിസാൻസഭ, കർഷകതൊഴിലാളി യൂണിയൻ, സി.ഐ.ടി.യു എന്നീ സംഘടനകളുടെ നേതൃത്വത്തിലുള്ള പദയാത്ര ഹരിയാനയിലെ ഹിസാർ ജില്ലയിൽ ഹൻസിയിൽ ഇന്ന് ആരംഭിക്കും. കിസാൻസഭ പ്രസിഡന്റ് അശോക് ധാവ്ളെയും ഭഗത് സിംഗിന്റെ അനന്തരവൾ ഗുർജീത്ത് കൗറും ചേർന്ന് ഫ്ളാഗ് ഒഫ് ചെയ്യും. കിസാൻസഭ ജോ. സെക്രട്ടറി വിജു കൃഷ്ണൻ, ഫിനാൻസ് സെക്രട്ടറി പി.കൃഷ്ണപ്രസാദ് തുടങ്ങിയവർ പങ്കെടുക്കുന്ന ഈ യാത്ര മാർച്ച് 23 ഭഗത്‌സിംഗ് രക്തസാക്ഷി ദിനത്തിൽ ഡൽഹി അതിർത്തിയിലെത്തും.
യു.പിയിലെ മഥുരയിൽ നിന്നുള്ള തൊഴിലാളികളും കർക്ഷകരുടെയും മറ്റൊരു പദയാത്ര നാളെ കിസാൻസഭ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള ഫ്ളാഗ് ഒഫ് ചെയ്യും. ഡൽഹിയിലെ പൽവൽ അതിർത്തിയിലാണ് ഈ യാത്ര സമാപിക്കുക.
ഭഗത്‌സിംഗിന്റെ ജന്മനാടായ പഞ്ചാബിലെ ഖട്കർകലാനിൽ നിന്ന് വാഹനജാഥ നാളെ സി.ഐ.ടി.യു പ്രസിഡന്റ് കെ. ഹേമലത ഫ്ളാഗ്ഓഫ് ചെയ്യും. ഈ വാഹനജാഥ ഹരിയാനയിലെ പാനിപ്പത്തിൽ നിന്ന് പദയാത്രയായി കർഷകസമരകേന്ദ്രമായ ഡൽഹി അതിർത്തിയിലെ സിംഘുവിലേക്കും നീങ്ങും.