sc

ന്യൂഡൽഹി: എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകർ രാഷ്ട്രീയ പ്രവർത്തനം നടത്താനും തിരഞ്ഞെടുപ്പിൽ മത്സരിക്കാനും പാടില്ലെന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. നിലപാട് അറിയിക്കാൻ സംസ്ഥാന സർക്കാരിന് നോട്ടീസ് ഉത്തരവായി.

അദ്ധ്യാപകനും പൊതുപ്രവർത്തകനുമായ സലീം മടവൂർ, എ.എൻ. അനുരാഗ് എന്നിവർ സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകർക്ക് മത്സരിക്കാനും പാർട്ടികൾക്കുവേണ്ടി പ്രചാരണത്തിനിറങ്ങാനും അവസരം ഒരുങ്ങി.

സർക്കാർ ജീവനക്കാർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള 1951ലെ നിയമത്തിന്റെ കൃത്യമായ നിർവചനമല്ല ഹൈക്കോടതി നടത്തിയതെന്നായിരുന്നു ഹർജിക്കാരുടെ അഭിഭാഷകരായ വി. ഗിരിയും അമിത് കൃഷ്ണനും വാദിച്ചത്.

എയ്ഡഡ് സ്‌കൂളിലെ അദ്ധ്യാപകരെ നിയമിക്കുന്നതും പിരിച്ചുവിടുന്നതും സ്‌കൂൾ മാനേജരാണ്. സർക്കാരിന് ഇതിൽ പങ്കില്ല. കേരള ലെജിസ്‌ലേറ്റീവ് അസംബ്‌ളി (റിമൂവൽ ഒഫ് ഡിസ്‌ക്വാളിഫിക്കേഷൻ) ആക്ട് 1951ലെ 2 (4) വകുപ്പ് റദ്ദാക്കിയ ഹൈക്കോടതി നടപടിയെയും അഭിഭാഷകർ ചോദ്യം ചെയ്തു.

കഴിഞ്ഞ മാസം 25നാണ് കേരള ഹൈക്കോടതി എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകർ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത് വിലക്കി ഉത്തരവായത്. പിറവം പാഴൂർ സ്വദേശി ജിബു പി. തോമസുൾപ്പെടെ നൽകിയ ഹർജിയിലായിരുന്നു നടപടി. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അദ്ധ്യാപകർക്ക് അനുമതി നൽകുന്ന നിയമത്തിലെ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിലയിരുത്തുകയും ചെയ്തു.

കുട്ടികളെ പഠിപ്പിക്കുകയെന്ന മുഖ്യ ഉത്തരവാദിത്വം നിറവേറ്റാതെയാണ് എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകർ രാഷ്ട്രീയപ്രവർത്തനം നടത്തുന്നതെന്ന വാദമാണ് ഹൈക്കോടതിയിൽ ഹർജിക്കാർ ഉന്നയിച്ചത്. സർക്കാർ സ്‌കൂൾ അദ്ധ്യാപകർക്കും ജീവനക്കാർക്കും രാഷ്ട്രീയപ്രവർത്തനം നടത്തുന്നതിന് നിയമപരമായി വിലക്കുണ്ട്. എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകർക്ക് വിലക്കില്ലാത്തത് വിവേചനപരമാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.