vaccine

 യു.കെ, ദക്ഷിണാഫ്രിക്ക, ബ്രസീൽ വകഭേദങ്ങൾ ബാധിച്ചവരുടെ എണ്ണം 400

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ വൻകുതിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,871 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഈ വർഷത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. 172 പേർ മരിച്ചു. 17,741 പേർ രോഗമുക്തരായി. ചികിത്സയിലുള്ളവരുടെ എണ്ണം 2.52 ലക്ഷമായി ഉയർന്നു. രാജ്യത്ത് ആകെ കേസുകളുടെ 2.20 ശതമാനമാണിത്.
മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, ഗുജറാത്ത്, തമിഴ്‌നാട് എന്നീ 5 സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 79.54 ശതമാനവും.
മഹാരാഷ്ട്രയിലാണ് കൂടുതൽ. മഹാരാഷ്ട്ര, തമിഴ്‌നാട്, പഞ്ചാബ്, മദ്ധ്യപ്രദേശ്, ഡൽഹി, ഗുജറാത്ത്, കർണാടക, ഹരിയാന എന്നീ എട്ട് സംസ്ഥാനങ്ങളിലാണ് പ്രതിദിന രോഗികളുടെ എണ്ണം ഉയരുന്നത്. കേരളത്തിൽ പ്രതിദിന രോഗികളുടെ എണ്ണം തുടർച്ചയായി കുറഞ്ഞുവരികയാണ്.
പൂനെ, നാഗ്പൂർ, മുംബയ്, താനെ, നാസിക്, ഔറംഗബാദ്, ബംഗളൂരു അർബൻ, ജൽഗാവ്, നന്ദേഡ്, അമരാവതി എന്നിവയാണ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഏറ്റവും കൂടുതലുള്ള പത്ത് ജില്ലകൾ.

മഹാരാഷ്ട്രയിലാണ് പ്രതിദിന മരണം കൂടുതൽ. 84. പഞ്ചാബിലാണ് പുതുതായി കൊവിഡ് മരണം ഉയരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35 പേരാണ് പഞ്ചാബിൽ മരിച്ചത്.

അതേസമയം രാജ്യത്തെ കൊവിഡ് പരിശോധനകൾ 23 കോടി കടന്നു. പോസിറ്റിവിറ്റി നിരക്ക് 4.98 ശതമാനം. രോഗമുക്തി നിരക്ക് 96.41 ശതമാനം. രാജസ്ഥാൻ, അസാം, ചണ്ഡീഗഡ്, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ഒഡിഷ, ജാർഖണ്ഡ്, പുതുച്ചേരി, ലക്ഷദ്വീപ്, സിക്കിം, ലഡാക്ക്, മണിപ്പൂർ, ദാദ്ര നഗർഹവേലി, ദാമൻ ദിയു, മേഘാലയ, നാഗാലാൻഡ്, ത്രിപുര, ആൻഡമാൻ, അരുണാചൽപ്രദേശ് എന്നീ 18 സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിൽ പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

രാജ്യത്ത് യു.കെ, ദക്ഷിണാഫ്രിക്ക, ബ്രസീൽ കൊവിഡ് വകഭേദങ്ങൾ ബാധിച്ചവരുടെ എണ്ണം 400 ആയി ഉയർന്നു. രണ്ടാഴ്ചയ്ക്കിടെ 158 പേർക്കാണ് ഈ വകഭേദങ്ങൾ സ്ഥിരീകരിച്ചത്.

പഞ്ചാബിൽ 9 ജില്ലകളിൽ രാത്രി കർഫ്യൂ രണ്ട് മണിക്കൂർ നീട്ടി. വൈകിട്ട് 5 മുതൽ 9 വരെയാണ് പുതിയ നിയന്ത്രണം.

മൂന്നുമാസത്തിനുള്ളിൽ മുഴുവൻ പേർക്കും വാക്സിനേഷനെന്ന്

വാക്‌സിനേഷൻ യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ നൽകാൻ അനുവദിക്കണം. എങ്കിൽ ഡൽഹിയിലെ മുഴുവൻ പേർക്കും വാക്സിൻ മൂന്നുമാസത്തിനുള്ളിൽ നൽകാനാവുമെന്നും അദ്ദേഹം പറഞ്ഞു.