
ന്യൂഡൽഹി: ജഡ്ജിമാരും അഭിഭാഷകരും അടക്കമുള്ളവർക്ക് മുൻഗണനാടിസ്ഥാനത്തിൽ കൊവിഡ് വാക്സിൻ നൽകണമെന്നുള്ള ഡൽഹി ഹൈക്കോടതിയിലെ പൊതുതാത്പര്യ ഹർജിയിന്മേലുള്ള നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തു. സീറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നിവയുമായി ബന്ധപ്പെട്ട് വിവിധ കോടതികളിൽ നിലനിൽക്കുന്ന കേസുകൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നുള്ള ഹർജിയിൽ ഇരുവർക്കും നോട്ടീസ് നൽകി.
പൊതു ജനങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നവരാണ് അഭിഭാഷകരെന്നും അതിനാൽ വാക്സിനേഷനിൽ മുൻഗണന നൽകണമെന്നും അഭിഭാഷകർ വാദിച്ചെങ്കിലും പച്ചക്കറി വില്ക്കുന്നവരും വ്യാപാരികളും അടക്കം മറ്റ് പലരും അഭിഭാഷകരെക്കാൾ കൂടുതൽ പൊതുജനങ്ങളുമായി ആശയവിനിമയം നടത്തുന്നവരാണെന്ന് കേന്ദ്രത്തിനായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ഇന്ന് അഭിഭാഷകർക്ക് നൽകിയാൽ നാളെ ജനപ്രതിനിധികൾ എത്തും. അതിനാൽ ഹർജി തള്ളണമെന്നും കോടതിയെ അറിയിച്ചു.