
ന്യൂഡൽഹി: ശബരിമലവിഷയത്തിൽ പിണറായിക്കും യെച്ചൂരിക്കും കടകംപള്ളിക്കും വ്യത്യസ്തമായ അഭിപ്രായമാണെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ പറഞ്ഞു. പാർട്ടിയുടെ നിലപാട് എന്താണെന്നറിയാൻ ജനങ്ങൾക്ക് ആഗ്രഹമുണ്ട്. സുപ്രീംകോടതിയുടെ അന്തിമവിധി യുവതീപ്രവേശനത്തിന് അനുകൂലമായാൽ ഇനിയും പൊലീസ് കാവലിൽ ആചാരലംഘനം നടത്തുമെന്നാണോ ഉദ്ദേശിക്കുന്നതെന്ന് പിണറായി വ്യക്തമാക്കണം.
ഇടത് മുന്നണിയുടെ നിലപാട് എന്താണെന്ന എൻ.എസ്.എസിന്റെ ചോദ്യത്തോട് മുഖ്യമന്ത്രി മുഖം തിരിക്കുന്നത് എന്തിനാണ്. ശബരിമലയെക്കുറിച്ച് ചോദിക്കുമ്പോൾ കേന്ദ്ര ഏജൻസി വേട്ടയാടുന്നെന്നാണ് മറുപടി. ചെയ്ത തെറ്റുകളെകുറിച്ചുള്ള കുറ്റബോധവും പിടിക്കപ്പെടുമെന്നുള്ള ഭയവും കൊണ്ടാണോ.
ശബരിമല സമരകാലത്ത് ഒന്നും ചെയ്യാത്ത കോൺഗ്രസുകാർ ഇപ്പോൾ വിശ്വാസികൾക്കൊപ്പമാണെന്ന് പറഞ്ഞ് രംഗത്തുവരുന്നത് ജനങ്ങളുടെ ഓർമ്മശക്തിയെ പരീക്ഷിക്കലാണ്.
മോദി സർക്കാർ നൽകിയ ഭക്ഷ്യധാന്യം കിറ്റാക്കി കൊടുത്തിട്ട് ഞെളിഞ്ഞ് നിന്ന് താൻ കൊടുത്തതാണിതെന്നൊക്കെ പറയാൻ മുഖ്യമന്ത്രിക്ക് കുറച്ചെങ്കിലും ഉളുപ്പ് വേണമെന്നും മുരളീധരൻ പറഞ്ഞു. ധർമ്മടത്ത് കോൺഗ്രസ് സ്ഥാനാർത്ഥിത്വം വൈകിയത് പിണറായി, ചെന്നിത്തല, ഉമ്മൻചാണ്ടി ഒത്തുകളിയുടെ ഭാഗമാണെന്ന് സാമാന്യബുദ്ധിയുള്ളവർക്കെല്ലാം മനസിലാകും.