nirmala

ന്യൂഡൽഹി: ഇൻഷ്വറൻസ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 49 ശതമാനത്തിൽ നിന്ന് 74 ശതമാനമായി വർദ്ധിപ്പിക്കാനുള്ള ഭേദഗതി ബിൽ രാജ്യസഭ പാസാക്കി. ബിൽ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി. ചർച്ചയ്‌ക്കിടെ കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷ ബഹളത്തിൽ സഭ നാലു തവണ നിറുത്തിവച്ചു.

സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടുള്ള ഭേദഗതികളൊന്നും സഭയിൽ വന്നിട്ടില്ലെന്നും അതു നൽകാൻ പ്രതിപക്ഷത്തിന് ആവശ്യത്തിന് സമയം ലഭിച്ചിരുന്നുവെന്നും ഉപാദ്ധ്യക്ഷൻ ഹരിവംശ് പറഞ്ഞു. 2008ൽ കോൺഗ്രസ് സർക്കാരും ഇൻഷ്വറൻസ് നിയമത്തിൽ സമാന ഭേദഗതി കൊണ്ടുവന്നിട്ടുണ്ടെന്ന് ബി.ജെ.പി എം.പി ഭൂപേന്ദ്ര യാദവ് ചൂണ്ടിക്കാട്ടി. അന്ന് ബിൽ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിട്ടിരുന്നു.

ധനമന്ത്രി നിർമ്മല സീതാരാമൻ:

സാമ്പത്തിക പ്രതിസന്ധിയിലുള്ള ഇൻഷ്വറൻസ് കമ്പനികളുടെ മൂലധനം വർദ്ധിപ്പിക്കാൻ വിദേശനിക്ഷേപം വർദ്ധിപ്പിക്കേണം. ബന്ധപ്പെട്ട ഏജൻസികളുമായി ചർച്ച നടത്തിയാണ് ബിൽ കൊണ്ടുവന്നത്. 2015ൽ ഇൻഷ്വറൻസ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 26 ശതമാനത്തിൽ നിന്ന്

49 ശതമാനമായി വർദ്ധിപ്പിച്ച ശേഷം 26,000 കോടി രൂപ നിക്ഷേപം വന്നിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖാർഗെ:

ബിൽ ഇൻഷ്വറൻസ് മേഖലയെ വലിയ അപകടത്തിലാക്കും. ബി.ജെ.പി സർക്കാർ 1938ലെ ഇൻഷ്വറൻസ് നിയമം മൂന്നാം തവണയാണ് ഭേദഗതി ചെയ്യുന്നത്. വാജ്പേയിയുടെ കാലത്താണ് വിദേശ നിക്ഷേപ പരിധി 26ശതമാനമാക്കിയത്. ബില്ലിലെ പിഴവുകൾ തിരുത്താൻ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടണം.