
ന്യൂഡൽഹി: പൊതുതാത്പര്യ വിഷയമല്ലാത്തതിനാൽ രാജ്യത്ത് ഖനനം ചെയ്യുന്ന യുറേനിയത്തിന്റെ അളവ് വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയെ അറിയിച്ചു. വിദേശ രാജ്യങ്ങളിലേത് പോലെ വൻതോതിൽ ഖനനം ചെയ്യാനുള്ള സംവിധാനം ഇന്ത്യയിലില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.
യുറേനിയം കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ജാർഖണ്ഡിലെ ഏഴും ആന്ധ്രയിലെ ഒരു ഖനിയിലുമാണ് യുറേനിയം ഖനനം നടക്കുന്നത്. പൊതുതാത്പര്യ വിഷയമല്ലാത്തതിനാൽ ഇവിടെ നിന്ന് ഖനനം ചെയ്യുന്ന യുറേനിയത്തിന്റെ അളവ് വെളിപ്പെടുത്താനാകില്ല. അതേസമയം വിദേശരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ നിന്നുള്ള യുറേനിയം അയിരിന് നിലവാരം കുറവാണ്. മറ്റ് യുറേനിയം ഉത്പാദക രാജ്യങ്ങളിലേത് പോലെ വലിയ തോതിൽ ഖനനം ചെയ്ത് ചെലവു കുറയ്ക്കാനുള്ള സാങ്കേതിക വിദ്യ നടപ്പാക്കാൻ കഴിയില്ലെന്നും മന്ത്രി അറിയിച്ചു.