
ന്യൂഡൽഹി: പാർട്ടി മാറിയെത്തിയവരെയും പ്രമുഖരെയും ഉൾപ്പെടുത്തി പശ്ചിമബംഗാളിലെ 148 സ്ഥാനാർത്ഥികളുടെ പട്ടിക കൂടി ബി.ജെ.പി പുറത്തിറക്കി.
ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റും മുൻ തൃണമൂൽ നേതാവുമായ മുകുൾ റോയ് കൃഷ്ണനഗർ ഉത്തർ സീറ്റിൽ മത്സരിക്കും. മമതയുടെ വിശ്വസ്തനായിരുന്ന മുകുൾ റോയ് മുൻ കേന്ദ്രമന്ത്രി കൂടിയാണ്.
മുകൾ റോയിയുടെ മകൻ സുഭാൻഷു റോയ് ബിജ്പൂരിൽ നിന്നും ജനവിധി തേടും. തൃണമൂൽ വിട്ടുവന്ന വൈശാലി ഡാൽമിയ ബല്ലിയിൽ നിന്ന് മത്സരിക്കും. ബി.സി.സി.ഐയുടെ മുൻ പ്രസിഡന്റ് ജഗ്‌മോഹൻ ഡാൽമിയയുടെ മകളാണിവർ. ബംഗാളി നടൻ രുദ്രാനിൽ ഘോഷ് മമതയുടെ പഴയ തട്ടകമായ ഭവാനിപൂരിൽ ജനവിധി തേടും. ഫാഷൻ ഡിസൈനർ അഗ്നിമിത്ര പോൾ അസൻസോൾ ദക്ഷിണിലും ബി.ജെ.പിയുടെ മുൻ സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ സിൻഹയെ ഹബ്രയിൽന്നും കലാകാരൻ അസിം സർക്കാർ ഹരിൻഘട്ടയിലും മത്സരിക്കും.
ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവരടങ്ങിയ കേന്ദ്രതിരഞ്ഞെടുപ്പ് സമിതി ബുധനാഴ്ച യോഗം ചേർന്നാണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്.