
ന്യൂഡൽഹി:ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലെ തനക്പുരിലേക്ക് പോകുകയായിരുന്ന പൂർണഗിരി ജനശതാബ്ദി എക്‌സ്‌പ്രസ് നിയന്ത്രണം വിട്ട് അതിവേഗത്തിൽ 35 കിലോമീറ്ററിലേറെ പിന്നിലേക്കോടി. യാത്രക്കാരെയും റെയിൽവേ അധികൃതരെയും ഒരുപോലെ പരിഭ്രാന്തിയിലാഴ്ത്തിയെങ്കിലും അപകടം ഒഴിവായി. ട്രെയിൻ പിന്നിലേക്ക് ഓടിത്തുടങ്ങിയപ്പോൾ തന്നെ അടിയന്തര സന്ദേശം നൽകി റെയിൽവേ ക്രോസുകൾ അടച്ചിട്ടു. ബ്രേക്ക് നഷ്ടപ്പെട്ടെന്ന് ലോക്കോ പൈലറ്റുമാർ അറിയിച്ചതിനെ തുടർന്ന് ട്രാക്കിൽ മണ്ണിട്ട് ഉയർത്തി തടസ്സം സൃഷ്ടിച്ചാണ് ട്രെയിൻ തടഞ്ഞത്.
ബുധനാഴ്ച വൈകിട്ട് ട്രെയിൻ തനക്പുരിലെത്തുന്നതിനു മുമ്പായി പാളത്തിൽ കയറിയ പശുവിനെ രക്ഷിക്കാനായി ബ്രേക്കിട്ട് നിറുത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. കയറ്റമുള്ള ഭാഗമായിരുന്നതിനാൽ ട്രെയിൻ പൊടുന്നനെ പിന്നിലേക്ക് പിലിഭിട്ട് ഭാഗത്തേക്ക് പായാൻ തുടങ്ങി. യാത്രക്കാർ കൂട്ടനിലവിളിയായി. ബ്രേക്ക് സംവിധാനത്തിലെ വായു ചോർന്ന് പ്രഷർ നഷ്ടപ്പെട്ടതോടെയാണ് ട്രെയിൻ നിറുത്താൻ കഴിയാതെ വന്നത്. രണ്ടു സ്റ്റേഷനുകളും പിന്നിട്ട് ഖാട്ടിമയ്ക്കു സമീപത്തെ ഗ്രാമപ്രദേശത്താണ് പാളത്തിൽ മണ്ണിട്ട് ട്രെയിൻ തടയാൻ കഴിഞ്ഞത്. യാത്രക്കാരെ അവിടെനിന്ന് ബസുകളിൽ തനക്പുരിലേക്ക് അയച്ചു. റെയിൽവേ അധികൃതർ അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ചു.
ലോക്കോ പൈലറ്റിനെയും ഗാർഡിനെയും അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തെന്ന് നോർത്ത് ഈസ്റ്റേൺ റെയിൽവേ അറിയിച്ചു.