
അടച്ചുറപ്പുള്ളൊരു വീട് ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ്. ആ സ്വപ്നത്തിലുറങ്ങാനാണ് അവന്റെ അല്ലെങ്കിൽ അവളുടെ ആയുസിന്റെ നല്ലൊരു പാതിയുടെയും അദ്ധ്വാനം വിനിയോഗിക്കുന്നത്. ലോണെടുത്തും പലിശയ്‌ക്കെടുത്തും ചിട്ടിപിടിച്ചുമൊക്കെ വീടെന്ന സ്വപ്നത്തിൽ എത്തിപ്പിടിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. എന്നാൽ വീട് പോയിട്ട് ചവിട്ടി നിൽക്കാൻ ഒരു പിടി മണ്ണുപോലുമില്ലാതെ തെരുവിൽ നിൽക്കുന്ന ലക്ഷങ്ങളുണ്ട് നമ്മുടെ രാജ്യത്ത്. തെരുവിൽ ഉറങ്ങുന്നവർ ഒന്നും രണ്ടുമല്ല 1.7 കോടി ! . അതായത് ആകെ ഇന്ത്യൻ ജനസംഖ്യയുടെ 0.15 ശതമാനം. ഇതിൽ പുരുഷന്മാരും സ്ത്രീകളും ട്രാൻസ്‌ജെൻഡറുകളും കുട്ടികളും അംഗപരിമിതരുമുണ്ട്. രാജ്യത്തിന്റെ 55 ശതമാനം വരുമാനം പത്ത് ശതമാനം ജനങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതൊരത്ഭുതമല്ല.
2011ലെ കണക്കുകളല്ല നിലവിലെ സാഹചര്യത്തിലുള്ളത്. പോയ വർഷം മാത്രം ഇന്ത്യയിൽ 12 സംസ്ഥാനങ്ങളാണ് പ്രളയം നേരിട്ടത്. അത്തരത്തിലുള്ള പ്രകൃതി ദുരന്തങ്ങളിൽ വീട് നഷ്ടപ്പെട്ടവരുടെ എണ്ണവും വളരെയേറെയാണ്.
വിലവർദ്ധനവും ലോക്ക്ഡൗണുമടക്കം ലോകം കീഴ്‌മേൽമറിഞ്ഞതോടെ വീണ്ടും പതിനായിരങ്ങൾ തെരുവിലേക്ക് എടുത്തെറിയപ്പെടുകയും ചെയ്തു. ഇവരുടെ മുഖങ്ങൾ ഒരു ഫ്രെയിമിലും പെടാതെ പോകുന്നു. ഒരു മൺചുവരിന്റെ സാന്ത്വനം പോലുമില്ലാതെ തെരുവിൽ അലഞ്ഞ് തെരുവിൽ തന്നെ ഇല്ലാതാകുന്ന ഈ മനുഷ്യജന്മങ്ങളുടെ കണക്ക് ആരെടുക്കും? അന്തിയുറങ്ങാൻ അവർക്കൊരിടം ഉറപ്പാക്കാൻ ഭരണകൂടങ്ങൾക്ക് കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ് ?
മുകളിലാകാശം താഴെ ഭൂമി
ഡൽഹി,മുംബൈ, ഹൈദരാബാദ്, കൊൽക്കത്ത, ചെന്നൈ, ബെംഗലൂരു തുടങ്ങി രാജ്യത്തിലെ പ്രധാന നഗരങ്ങളിലെല്ലാം ഇത്തരത്തിൽ ആയിരക്കണക്കിന് പേരാണ് തുറന്ന തെരുവുകളിൽ മാത്രം അന്തിയുറങ്ങുന്നത്. ഹൈവേകളിൽ, വലിയ പാലങ്ങളുടെ അടിയിൽ, അണ്ടർപാസുകളിൽ, റോഡുവക്കിൽ, സിഗ്‌നൽ പോയിന്റുകളിൽ ഒക്കെ ഇവരെ കാണാം. ഇവരാരും ഒളിച്ചിരിക്കുന്നില്ല. അധികൃതരുടെ കണ്ണിന് മുന്നിൽ തന്നെയുണ്ട്. അധികൃതരാകട്ടെ ഇവരെയൊട്ട് കാണുന്നുമില്ല. കണ്ണടച്ചാൽ ഇരുട്ടാക്കാം അല്ലേ!
ഐക്യരാഷ്ട്രസഭയുടെ 2015ലെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏതാണ്ട് 18 ലക്ഷത്തിലധികം പേർക്ക് വീടില്ല. ഇതിൽ 52 ശതമാനം പേരും നഗരങ്ങൾ കേന്ദ്രീകരിച്ച് കഴിയുന്നവരാണ്. ഇവരിൽത്തന്നെ വലിയൊരു വിഭാഗം പേരും കൂട്ടമായി ചേർന്നു താമസിക്കുന്നവരാണ്. 2011ലെ സെൻസസ് പ്രകാരം 1.7 കോടി പേരാണ് വീടില്ലാതെ തെരുവിൽ കഴിയുന്നത്. ഏതാണ്ട് ഒരു കോടി 37 ലക്ഷം പേർ നിയമവിരുദ്ധമായി താത്‌കാലിക ഷെഡുകൾ പോലുള്ളയിടങ്ങളിൽ കഴിയുന്നവരാണ്. നാടോടികളോ ഇതര സംസ്ഥാനത്തൊഴിലാളികളോ അല്ലാതെ, തെരുവിൽ ഉറങ്ങുന്ന കുടുംബത്തെ കേരളത്തിന്റെ തെരുവിൽ കണ്ട് ശീലിക്കാത്ത മലയാളിക്ക് ഇതൊരു പുതിയ വാർത്ത തന്നെയാകും.
എന്ത് അടിസ്ഥാന സൗകര്യം
ആവശ്യത്തിന് വെള്ളമില്ല, ഭക്ഷണം കൃത്യമല്ല, ശുചിമുറിയില്ല, ചികിത്സയോ മരുന്നോ ഇല്ല. കുട്ടികളെ സ്‌കൂളിലയയ്ക്കാൻ കഴിയുന്നില്ല തുടങ്ങി ശരാശരി മനുഷ്യന് ഇന്ത്യൻ ഭരണഘടന അനുവദിച്ചിട്ടുള്ള മൗലിക അവകാശങ്ങളൊന്നും തന്നെ ഈ പാവപ്പെട്ട മനുഷ്യർക്ക് വിധിച്ചിട്ടില്ല. 2018ൽ രാജ്യത്തെ ജനങ്ങൾക്ക് ആധാർ നിർബന്ധമാക്കിയപ്പോൾ, സ്വന്തമായി ഒരു ചുവരു പോലും ചൂണ്ടിക്കാണിക്കാനാകാതെ തെരുവിൽ ഉറങ്ങുന്നവർക്ക് എങ്ങനെ ആധാർ നൽകുമെന്ന് ജസ്റ്റിസ് ലോക്കൂർ കേന്ദ്രത്തോട് ആരാഞ്ഞത് പ്രസക്തമാണ്. വീടില്ലാത്തവർ ഇന്ത്യൻ സർക്കാരിന്റെ ഭാഗമല്ലെന്നാണോ ഇതുകൊണ്ട് അർത്ഥമാക്കുന്നതെന്നാണ് അദ്ദേഹം ചോദിച്ചത്.
ഉത്തരേന്ത്യയിലാകട്ടെ അതിശൈത്യവും അത്യുഷ്ണവും ഏറ്റാണ് ഇവർ തെരുവിൽ ഉറങ്ങുന്നത്. ആർത്തവമുണ്ടാക്കുന്ന ശാരീരിക ബുദ്ധിമുട്ടിന് പുറമേ ഒരു ശുചിമുറിയില്ലാതെ, പ്രാഥമിക കാര്യങ്ങൾക്ക് പോലും ഇരുട്ടിനെ കാത്തിരിക്കേണ്ടി വരുന്ന തെരുവിലെ സ്ത്രീയുടെ ആർത്തവകാലത്തെക്കുറിച്ചൊന്ന് ചിന്തിച്ചു നോക്കൂ. 'ഞാൻ എന്റെ മൂന്ന് കുട്ടികൾക്കും തെരുവിൽ തന്നെയാണ് ജന്മം നൽകിയത്. ആശുപത്രിയിൽ പോകാനുള്ള പണമില്ല. 2013ലെ ഒരാളെ തണുപ്പുകാലം കൊണ്ടുപോയി. മറ്റുള്ളവർ ഇതാ ഈ തെരുവിൽ തന്നെ ജീവിക്കുന്നു. ' ഡൽഹി ലജ്പദ് നഗറിന്റെ തെരുവിൽ ഉറങ്ങുന്ന യശോദ പറയുന്നു.
'പ്രധാനമന്ത്രി ആവാസ് യോജന' പദ്ധതി പ്രകാരം 2022നകം ഭവനരഹിതർക്കായി ഒരു കോടി വീടുകൾ നിർമ്മിച്ചുനൽകുമെന്ന പ്രഖ്യാപനം രാജ്യത്തിന് പ്രതീക്ഷകൾ നൽകിയിരുന്നെങ്കിലും ഭരണത്തിലിരുന്ന ആറ് വർഷത്തിനുള്ളിൽ ആകെ 36 ശതമാനം വീടുകളുടെ പണി മാത്രമാണ് സർക്കാരിന് പൂർത്തിയാക്കാനായത്. പലയിടങ്ങളിലും അനുവദിച്ച വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയിട്ടില്ല. സംസ്ഥാന സർക്കാരുകളും ഇവരെ വീടുകളിലെത്തിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആ ശ്രമം പൂർണതോതിൽ വിജയിക്കുന്നില്ലെന്നാണ് തെരുവിന്റെ മക്കൾ തന്നെ പറയുന്നത്.
തെരുവിലുറങ്ങുന്ന കുടുംബങ്ങൾ
(ഹൗസിംഗ് ആന്റ് ലാന്റ് നെറ്റ്‌വർക്കിന്റെ 2015 സർവേ)