
വായുവും വെള്ളവും ഭക്ഷണവും പോലെ, മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് ഉറക്കം. അത് ശരിയായ അളവിൽ ശരീരത്തിന് ലഭിക്കുന്നുണ്ട് എന്നുള്ള കാര്യം ഉറപ്പു വരുത്തണം. ജീവിതത്തിന്റെ ഏതാണ്ട് മൂന്നിലൊരു ഭാഗം നമ്മൾ ഉറങ്ങാൻ വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഉറക്ക ദൈർഘ്യം അഥവാ ആവശ്യമായ ഉറക്കത്തിന്റെ അളവ് ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്. പ്രായം, ലിംഗം, ആരോഗ്യ നില എന്നിങ്ങനെ പല ഘടകങ്ങളെയും ആശ്രയിച്ച് അത് മാറുന്നു. ആരോഗ്യമുള്ള മുതിർന്ന ഒരു മനുഷ്യന് ശരാശരി ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെ ഉറക്കം ആവശ്യമാണ്. കുഞ്ഞുങ്ങളിൽ പ്രായം കുറയുന്നതിന് അനുസരിച്ചു ഈ അളവ് കൂടും.
ഉറക്കത്തിനും ഒരു ദിനം
ഉറക്കത്തിനും ഒരു ദിനമുണ്ടെന്ന് കേൾക്കുമ്പോൾ ചിലർക്കെങ്കിലും അദ്ഭുതം തോന്നിയേക്കാം. നിദ്രയെക്കുറിച്ചും നിദ്രാ രോഗങ്ങളെക്കുറിച്ചും ജനങ്ങളിൽ അവബോധം ഉണ്ടാക്കുക എന്നുള്ള ലക്ഷ്യത്തോടെയാണ് മാർച്ച് മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച ലോക ഉറക്ക ദിനമായി ആചരിക്കുന്നത്. പലപ്പോഴും വലിയ കാര്യങ്ങളല്ല, ചെറിയ കാര്യങ്ങളാകും ഉറക്കം കെടുത്തുക. അതിന് ഉദാഹരണമായി ഒരു കഥ പറയാം. ഒരിടത്ത് നീണ്ട താടി രോമങ്ങളുള്ള ഒരു സന്യാസിയുണ്ടായിരുന്നു. ഒരുദിവസം കുറച്ചു കുട്ടികൾ അദ്ദേഹത്തോടു ചോദിച്ചു: അങ്ങ് രാത്രി ഉറങ്ങുമ്പോൾ താടി പുതപ്പിനകത്താണോ പുറത്താണോ ഇടുന്നത്? അദ്ദേഹം പറഞ്ഞു: ‘ഞാൻ ഇന്നുവരെ ആലോചിച്ചിട്ടില്ല; നാളെ പറയാം’. ജീവിതത്തിലാദ്യമായി, അന്നു രാത്രി അദ്ദേഹം അതേക്കുറിച്ചു ചിന്തിച്ചു. ആദ്യം താടി പുതപ്പിനകത്തിട്ടു നോക്കി, പിന്നെ പുറത്തിട്ടു. അങ്ങനെ താടി അകത്തും പുറത്തുമിട്ട് അദ്ദേഹത്തിന്റെ ഉറക്കം പോയി!
ഉറങ്ങാൻ കഴിയുക എന്നതു ചെറിയ കാര്യവുമല്ല. ഉറങ്ങാൻ കഴിയാതിരിക്കുക എന്നത് അപരിഹാര്യമായ നഷ്ടമാണ്. വെട്ടിപ്പിടിച്ച സ്വത്തോ സമ്പാദ്യമോ ആർക്കും ഉറക്കം സമ്മാനിക്കില്ല. സ്വസ്ഥമായ ശരീരത്തിലും സന്തുഷ്ടമായ മനസിലും മാത്രമേ ഉറക്കം അനുഗ്രഹമായി എത്തൂ. കർമങ്ങളുടെ മൂല്യനിർണയം നടത്താനുള്ള എളുപ്പമാർഗം ഇതാണ്. അവയെ ഉറക്കം നൽകുന്നവ, ഉറക്കം നൽകാത്തവ എന്നിങ്ങനെ രണ്ടായി തിരിക്കുക. ചെയ്ത പ്രവൃത്തികൾ എത്ര വിശിഷ്ടമെന്ന് അവകാശപ്പെട്ടാലും അവ മനസമാധാനം നൽകുന്നില്ലെങ്കിൽ എന്തു പ്രയോജനം? ഓരോ ദിവസത്തിനുമൊടുവിൽ കിടക്കയിലെത്തുമ്പോൾ ആ ദിവസത്തെക്കുറിച്ചു ചാരിതാർഥ്യവും സംതൃപ്തിയുമാണ് ഉള്ളതെങ്കിൽ പിന്നെ ഉറക്കം കെടുത്താൻ ആർക്കുമാകില്ല.
ഉറങ്ങിയില്ലെങ്കിൽ
പ്രശ്നമാണേ!
l ഉറക്കക്കുറവ് നമ്മുടെ രോഗപ്രതിരോധശേഷിയെ ദുർബലപ്പെടുത്തും. ഇത്തരത്തിൽ പ്രതിരോധശേഷി കുറഞ്ഞവരിൽ എപ്പോഴും ജലദോഷവും പനിയും വരാം.
l ഉറക്കമില്ലായ്മ കൊണ്ടുണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് ഓർമക്കുറവ്. ശരിയായ ഉറക്കം ലഭിക്കാത്തത് കുട്ടികളിൽ പഠനവൈകല്യത്തിനും കാരണമാകുന്നുണ്ട്.
l ശരിയായ ഉറക്കം ലഭിക്കാത്തവരിൽ അമിതഭാരം ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്നും പഠനങ്ങൾ പറയുന്നു. ഉറക്കക്കുറവ് ഉള്ളവരിൽ വിശപ്പ് കുറയ്ക്കുന്ന ഹോർമോണിന്റെ അളവ് കുറവായിരിക്കും. ഇത് പതിവിലും അളവിൽ ഭക്ഷണം കഴിക്കാൻ നിങ്ങളെ പ്രേരിപ്പിക്കും. തന്മൂലം വണ്ണം കൂടാനുമുള്ള സാദ്ധ്യതയുണ്ട്. ഇത്തരത്തിലുള്ള അമിതവണ്ണം ഭാവിയിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങളെ വിളിച്ചുവരുത്താം.
l ഉറക്കം ഇല്ലെങ്കിൽ പ്രമേഹം പിടിപെടാനുള്ള സാദ്ധ്യത രണ്ടിരട്ടിയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്ന ഇൻസുലിന്റെ പ്രവർത്തനത്തെ പോലും ഈ ഉറക്കക്കുറവ് ബാധിക്കാം. രാത്രി ശരിയായി ഉറക്കം ലഭിക്കാത്തവരിൽ ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുളളതാണ്.
l ഏകാഗ്രതക്കുറവ് അഥവാ എന്തു കാര്യം ചെയ്യുമ്പോഴും അതിൽ പൂർണമായി ശ്രദ്ധ ചെലുത്താൻ കഴിയാതെ വരുന്നതും ഉറക്കക്കുറവ് കൊണ്ടു തന്നെയാണ്. നന്നായി ഉറങ്ങിയാൽ മാത്രമേ ഉന്മേഷത്തോടെ കാര്യങ്ങൾ ചെയ്യാൻ സാധിക്കുകയുള്ളൂ. ഒപ്പം മാനസിക പിരിമുറുക്കവും ഉറക്കക്കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു.
l എട്ടു മണിക്കൂർ ഉറക്കം ലഭിക്കാത്തവരിൽ രക്തസമ്മർദ്ദം പതിന്മടങ്ങ് വർദ്ധിക്കുന്നതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. എട്ട് മണിക്കൂർ ഉറങ്ങുന്നവരെ അപേക്ഷിച്ചു നാല് മണിക്കൂർ മാത്രം ഉറങ്ങുന്നവരിൽ ഹൃദ്രോഗസാദ്ധ്യതയും ഏറെയാണ് എന്നും ചില പഠനങ്ങൾ പറയുന്നു.
l നല്ല ഉറക്കം ലഭിക്കാത്തവരിൽ കടുത്ത ത്വക്ക് രോഗങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത ഏറെയാണ്. ചർമ്മത്തിന് തിളക്കമില്ലായ്മ, ത്വക്കിൽ ചുളിവുകൾ വരിക..തുടങ്ങിയ ലക്ഷണങ്ങൾ ഉറക്കക്കുറവ് മൂലം ആകാം.

നല്ല ഉറക്കത്തിനായി
കൃത്യമായ സമയക്രമം പാലിക്കുക :എല്ലാ ദിവസവും കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കണം. ചിലർക്ക് രാത്രി വൈകി ഉറങ്ങുന്നതായിരിക്കും ശീലം. മറ്റുചിലർക്ക് അതിരാവിലെ എഴുന്നേൽക്കാനായിരിക്കും ഉത്സാഹം. നമ്മുടെ ശരീരത്തിനും പ്രകൃതത്തിനുമിണങ്ങുന്ന രീതി സ്വീകരിക്കണം. മറ്റൊരാളെ അനുകരിക്കണ്ട.
കിടപ്പുമുറി വൃത്തിയായി സൂക്ഷിക്കണം: കിടപ്പുമുറിയിൽ നല്ല വായുസഞ്ചാരം വേണം. കഴിയുന്നത്ര ശബ്ദരഹിതമായിരിക്കണം. മുറിയിൽ സാധനങ്ങൾ വൃത്തിയായി അടുക്കിവെക്കണം. ചുരുക്കത്തിൽ കിടപ്പുമുറി കണ്ടാൽതന്നെ ഉറങ്ങാൻ തോന്നണം!
ഉറക്കത്തെ കാത്തുകിടക്കരുത് : കിടന്നിട്ട് 15 - 20 മിനിറ്റ് കഴിഞ്ഞിട്ടും ഉറക്കം വരുന്നില്ലെങ്കിൽ പിന്നെ കിടക്കയിൽ കിടക്കരുത്. അടുത്ത മുറിയിൽ പോയിരുന്ന് പാട്ടുകേൾക്കുകയോ ടി.വി. കാണുകയോ ചെയ്യുക. നല്ല ഉറക്കം വരുമ്പോൾ മാത്രം വീണ്ടും കിടപ്പുമുറിയിലേക്ക് പോവുക.
അത്താഴം മിതമാക്കണം :രാത്രി ഉറങ്ങാൻ കിടക്കുന്നതിന് രണ്ടുമൂന്ന് മണിക്കൂർ മുൻപെങ്കിലും അത്താഴം കഴിച്ചിരിക്കണം. ചെറുചൂടുള്ള ഒരു ഗ്ലാസ് പാൽ കുടിക്കാം. ഉറങ്ങുന്നതിന് 6 - 8 മണിക്കൂർ മുൻപുതന്നെ കാപ്പി, ചായ തുടങ്ങിയ കഫീൻ അടങ്ങിയിട്ടുള്ള പാനീയങ്ങൾ ഒഴിവാക്കണം.
വ്യായാമം വേണം: കൃത്യമായി വ്യായാമം ചെയ്യുന്നവർക്ക് രാത്രിയിൽ നല്ല ഉറക്കം ലഭിക്കും. വ്യായാമത്തിലൂടെ ശാരീരികക്ഷമതയും മാനസികാരോഗ്യവും ബലപ്പെടുന്നതിലൂടെയാണ് സുഖനിദ്രയുണ്ടാകുന്നത്. എന്നാൽ ഉറങ്ങാൻ കിടക്കുന്നതിന് തൊട്ടു മുൻപ് വ്യായാമത്തിൽ ഏർപ്പെടുന്നതും നല്ലതല്ല. ശാരീരികപ്രവർത്തനങ്ങളുടെ നിരക്ക് ഉയരുന്നതും ശരീരതാപനില വർദ്ധിക്കുന്നതും ഉറക്കത്തെ അകറ്റും.
മദ്യം വേണ്ട : അത്താഴത്തിനു മുൻപ് അല്പം ' മിനുങ്ങിയാൽ" നല്ല ഉറക്കം കിട്ടുമെന്ന അബദ്ധധാരണ പ്രബലമാണ്. മദ്യം ഉറക്കത്തിന് ശക്തമായ പ്രേരണ നൽകുമെങ്കിലും ഉറക്കത്തിന്റെ തുടർച്ചയെയും ആസ്വാദ്യതയെയും മദ്യം താറുമാറാക്കും.
ശരീരസുഖം പ്രധാനം : ആസ്ത്മ, സി.ഒ.പി.ഡി. തുടങ്ങിയ ദീർഘകാല ശ്വാസകോശരോഗങ്ങളുള്ളവർ രോഗം നിയന്ത്രിക്കണം. രാത്രിയിലെ ശ്വാസ തടസം ഉറക്കക്കുറവിനുള്ള ഒരു പ്രധാനകാരണമാണ്. മറ്റുശാരീരികപ്രശ്നങ്ങൾ ഉള്ളവരും രോഗങ്ങൾ ചികിത്സിച്ചു മാറ്റണം. ശരീരത്തിന്റെ ആരോഗ്യവും ഉറക്കവും പരസ്പരപൂരകങ്ങളാണ്. കിടക്കാൻ നട്ടെല്ലിന് താങ്ങുനൽകുന്ന സൗകര്യപ്രദമായ കിടക്ക ഉപയോഗിക്കണം.
ഉച്ചമയക്കം ആകാം, ഉച്ചയുറക്കം വേണ്ട : ഉച്ചയ്ക്ക് കിടന്നുറങ്ങിയാൽ രാത്രിയിലെ സുഖനിദ്ര നഷ്ടപ്പെടും. 10-15 മിനിറ്റ് മാത്രമാകാം. വയോജനങ്ങളുടെ ഉറക്കമില്ലായ്മയുടെ പ്രധാനകാരണങ്ങളിലൊന്ന് ഉച്ചയുറക്കമാണ്. ഉച്ചയുറക്കം ബാധിക്കുന്നത് രാത്രിയിലെ ഉറക്കത്തിന്റെ ആഴമുള്ള ഘട്ടങ്ങളെയാണ്.
ശാന്തമായി ഉറങ്ങാം : സ്വസ്ഥവും ശാന്തവുമായ മനസാണ് ഉറങ്ങാനായി കിടക്ക വിരിക്കുന്നത്. മനസിനെ സ്വസ്ഥതയുടെ സമതലങ്ങളിലെത്തിക്കാൻ പ്രാർത്ഥനയും സംഗീതവും യോഗയും ധ്യാനവും ഹോബികളുമൊക്കെ ഉപകരിക്കും.
ഉറങ്ങാൻ തയ്യാറെടുക്കണം : പകൽ മുഴുവൻ തിരക്കിന്റെ സമ്മർദങ്ങളിൽപ്പെട്ട് നേരേവന്ന് കിടക്കാൻ ശ്രമിക്കരുത്. ഉറങ്ങാൻ തയ്യാറെടുപ്പ് വേണം. ഉറങ്ങുന്നതിന് അര മണിക്കൂർ മുൻപ് ടി.വി, കംപ്യൂട്ടർ, മൊബൈൽഫോൺ, ലാപ്ടോപ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം ഒഴിവാക്കണം.
പ്രമുഖരുടെ ഉറക്കം
മാർഗരറ്റ് താച്ചർ : ബ്രിട്ടനിലെ ആദ്യ വനിത പ്രധാനമന്ത്രിയും ഉരുക്കു വനിത എന്നും അറിയപെട്ടിരുന്ന മാർഗരറ്റ് താച്ചർ ദിവസവും നാല് മണിക്കൂർ മാത്രമേ ഉറങ്ങിയിരുന്നുള്ളൂവെന്നാണ് താച്ചറുടെ ബയോഗ്രാഫറായ ജോൺ കാമ്പൽ പറയുന്നത്. പുലർച്ചെ ഒരു മണിക്ക് കിടക്കയിലേക്ക് പോകുന്ന താച്ചർ തന്നെ അഞ്ച് മണിക്ക് ഉണർത്തണമെന്ന് പരിചാരകർക്ക് നിർദേശം നൽകിയിരിക്കുന്നത്. താച്ചറിന്റെ അവസാനകാലത്ത് കാലത്ത് ഇവർക്ക് മറവിരോഗം വരാനുള്ള പ്രധാനകാരണം ഉരുക്കുവനിതയുടെ ഉറക്കക്കുറവായിരുന്നുവെന്ന് ശാസ്ത്രഞ്ജർ പറയുന്നു.
വിൻസ്റ്റൺ ചർച്ചിൽ : കുറഞ്ഞത് നാലു മണിക്കൂർ മാത്രം ഉറക്ക ശീലമുണ്ടായിരുന്ന മറ്റൊരു ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നു വിൻസ്റ്റൻ ചർച്ചിൽ. പ്രത്യേകിച്ച് രണ്ടാം ലോകമഹായുദ്ധകാലത്ത്. രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടനെ സഖ്യകക്ഷികളോടൊപ്പം വിജയത്തിലേക്ക് നയിച്ചത് ചർച്ചിലായിരുന്നു. പക്ഷേ നഷ്ടപ്പെടുന്ന ഉറക്കം വൈകിട്ട് 90 മിനിറ്റ് ഉച്ചയുറക്കത്തിൽ ചർച്ചിൽ ബാലൻസ് ചെയ്യുമായിരുന്നു.
ബരാക്ക് ഒബാമ: അമേരിക്കൻ പ്രസിഡന്റായിരുന്ന കാലത്ത് ആറ് മണിക്കൂറിൽ താഴെ മാത്രമേ ബരാക്ക് ഒബാമ ഉറങ്ങിയിരുന്നുള്ളൂവത്രേ. പ്രസിഡന്റിന്റെ ആരോഗ്യത്തിൽ അതീവ തൽപ്പരരായിരുന്ന വൈറ്റ് ഹൗസിലെ ജീവനക്കാർ അദ്ദേഹം ഉറക്കറയിൽ ചെലവഴിക്കുന്ന സമയങ്ങളിൽ പരമാവധി അദ്ദേഹത്തെ ശല്യപ്പെടുത്താറില്ലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
ഡൊണാൾഡ് ട്രംപ് : മുൻ അമേരിക്കൻ പ്രസിഡന്റെ ഡൊണാൾഡ് ട്രംപ് മൂന്ന് മുതൽ നാല് മണിക്കൂർ മാത്രമേ ഉറങ്ങിയിരുന്നുള്ളൂവത്രേ. എന്നാൽ അദ്ദേഹം പല വേദികളിലും പരിധിവിട്ട് പെരുമാറാറുള്ളത് അദ്ദേഹത്തിന്റ ഉറക്കക്കുറവിനാലാണെന്നാണ് ട്രംപ് എതിരാളികളുടെ കിംവദന്തി.
മാർക്ക് സക്കർ ബർഗ് : ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ് ഉറക്കത്തിന്റെ കാര്യത്തിൽ കണിശക്കാരനാണ്. കൃത്യം എട്ടു മണിക്കൂർ അദ്ദേഹം ഉറങ്ങും. രാത്രി വൈകിയാണ് കിടക്കയിലേക്ക് പോകുന്നതെങ്കിലും രാവിലെ എട്ടുമണിയാകാതെ അദ്ദേഹം ഉറക്കം എഴുന്നേൽക്കില്ല.
ബിൽ ഗേറ്റ്സ് : കൃത്യം എട്ടു മണിക്കൂർ ഉറക്കം നിർബന്ധമുള്ള മറ്റൊരു സംരംഭകനാണ് ലോക കോടീശ്വരൻ ബിൽ ഗേറ്റ്സ്. ഉറക്കം, വ്യായാമം, ഭക്ഷണം എന്നീ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും ബിൽ ഗേറ്റ്സ് നിൽക്കില്ല.