
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗസമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും. ഇന്നോ നാളെയോ റിപ്പോർട്ട് സുപ്രീംകോടതിക്ക് കൈമാറുമെന്നാണ് വിവരം.
കാർഷിക വിളകൾക്ക് താങ്ങുവില ഉറപ്പാക്കാൻ നിയമ നിർമ്മാണം വേണമെന്ന കർഷക സംഘടനകളുടെ ആവശ്യത്തെ സമിതി പിന്തുണച്ചേക്കും. പുതിയ കാർഷിക നിയമങ്ങളെ അംഗീകരിക്കുന്ന കർഷക സംഘടനകളടക്കം ഈ നിർദ്ദേശം സമിതിക്ക് മുമ്പാകെ വച്ചിരുന്നു.
വെറും കൈയോടെ കർഷകർ സമരം അവസാനിപ്പിച്ച് മടങ്ങില്ല. നിയമപരമായി താങ്ങുവില ഉറപ്പാക്കിയാൽ സമരം അവസാനിച്ചേക്കുമെന്നും ചില സംഘടനകൾ സമിതിക്ക് മുമ്പാകെ പറഞ്ഞതായാണ് വിവരം.
കർഷക സമരം ശക്തമായതിന് പിന്നാലെ ജനുവരിയിലാണ് സുപ്രീംകോടതി,
മഹാരാഷ്ട്രയിലെ ഷെത്കാരി സംഘടന പ്രസിഡന്റ്
അനിൽ ഗൻവത്, കാർഷിക സാമ്പത്തിക വിദഗ്ദ്ധരായ പ്രമോദ് ജോഷി, അശോക് ഗുലാത്തി എന്നിവരടങ്ങിയ സമിതിയെ നിയോഗിച്ചത്. രണ്ടുമാസമാണ് അനുവദിച്ചത്. സമിതി അംഗങ്ങൾ പുതിയ നിയമങ്ങളെ പിന്തുണയ്ക്കുന്നവരാണെന്ന് ചൂണ്ടിക്കാട്ടി, സമരരംഗത്തുള്ള കർഷക സംഘടനകൾ സമിതിക്ക് മുന്നിൽ ഹാജരായിരുന്നില്ല. സംസ്ഥാനങ്ങളിലെ സർക്കാരുകളുമായും 70ലേറെ കർഷക സംഘടനകളുമായും പ്രമുഖ വ്യക്തികളുമായും സമിതി ചർച്ച നടത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്.
അതേസമയം കാർഷിക ഉത്പന്നങ്ങൾക്ക് താങ്ങുവില ഉറപ്പാക്കാൻ നിയമനിർമ്മാണം നടത്തണമെന്ന ശുപാർശ സ്വാമിനാഥൻ കമ്മിഷൻ നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ ഇന്നലെ രാജ്യസഭയെ അറിയിച്ചു.
സി.പി.എം എം.പി ബികാഷ് രഞ്ജന്റെ ചോദ്യത്തിന് മറുപടിയായാണ് രാജ്യസഭയിൽ കേന്ദ്രകൃഷിമന്ത്രി ഇക്കാര്യമറിയിച്ചത്.
സ്വാമിനാഥൻ കമ്മിഷൻ ശുപാർശ പ്രകാരമുള്ള താങ്ങുവില നിയമപരമായി ഉറപ്പാക്കണമെന്നതാണ് സമരം ചെയ്യുന്ന കർഷക സംഘടനകളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്.
സമരം നീളുന്നത് ആർക്കും ഗുണം ചെയ്യില്ലെന്ന് ആർ.എസ്.എസ്
കർഷക സമരത്തിന് പരിഹാരം കാണാനുള്ള ശ്രമങ്ങളെ ദേശവിരുദ്ധർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും പ്രതിഷേധം ദീർഘകാലത്തേക്ക് നീളുന്നത് ആർക്കും ഗുണം ചെയ്യില്ലെന്നും ആർ.എസ്.എസ് വ്യക്തമാക്കി.
ബംഗളൂരുവിൽ അഖില ഭാരതീയ പ്രതിനിധി സഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ആർ.എസ്.എസ് നിലപാട് പറഞ്ഞത്. 'ചർച്ചകൾ അനിവാര്യമാണ്. അത് പരിഹാരം കാണണമെന്ന കാഴ്ചപ്പാടോടെയാവണം. എല്ലാ വിഷയങ്ങളിലും ധാരണ സാധ്യമായില്ലെങ്കിലും ചില കാര്യങ്ങളിലെങ്കിലും ധാരണയിലെത്തണം.കർഷക സമരം ജനജീവിതത്തെ ബാധിക്കുന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്. പരിഹാരത്തിനുള്ള ശ്രമങ്ങളെ അട്ടിമറിക്കാൻ ദേശവിരുദ്ധ- സാമൂഹ്യവിരുദ്ധ ശക്തികൾ ശ്രമിക്കുന്നത് കൂടുതൽ ഗൗരവമുള്ളതാക്കുന്നു. ഇത്തരമൊരു സാഹചര്യമുണ്ടാകാൻ സമരത്തിന് നേതൃത്വം നൽകുന്നവർ അനുവദിക്കരുതെന്നും" റിപ്പോർട്ടിൽ പറയുന്നു.