murder

ന്യൂഡൽഹി: തൃശൂരിലെ കുട്ടനെല്ലൂരിൽ വനിതാ ഡോക്ടറെ കുത്തിക്കൊന്ന കേസിലെ പ്രതി മഹേഷിന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെ കൊല്ലപ്പെട്ട ഡോ. സോനയുടെ പിതാവ് ജോസും സംസ്ഥാന സർക്കാരും സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ഇന്ദിരാ ബാനർജി അദ്ധ്യക്ഷയായ ബെഞ്ചാണ് ജാമ്യം റദ്ദാക്കിയത്. മഹേഷിനോട് അടിയന്തരമായി കീഴടങ്ങാനും കോടതി നിർദ്ദേശം നൽകി.

ഡെന്റൽ ക്ലിനിക്കിൽ പിതാവിന്റെ മുന്നിൽ വച്ചാണ് മുപ്പതുകാരിയായ ഡോ. സോന മഹേഷിന്റെ ആക്രമണത്തിന് ഇരയായത്. 2020 സെപ്തംബർ 29 നായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ സോന ഒക്ടോബർ നാലിനാണ് മരിച്ചത്.

കുട്ടനെല്ലൂരിലുള്ള സോനയുടെ ക്ലിനിക്കിന്റെ ഇന്റീരിയർ ഡിസൈന്റെ നിർമ്മാണച്ചെലവ് സംബന്ധിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.