mining

ന്യൂഡൽഹി: ഖനനത്തിന് സ്വകാര്യ മേഖലയ്ക്ക് അവസരം നൽകുന്ന മൈൻസ് ആൻഡ് മിനറൽസ് വികസന ഭേദഗതി ബിൽ നിയമമാകുന്നതോടെ വൻ തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കപ്പെടുമെന്ന് കേന്ദ്ര സർക്കാർ ലോക്‌സഭയിൽ അറിയിച്ചു. ബിൽ ഇന്നലെ ലോക്‌സഭ പാസാക്കി. ബിൽ യാഥാർത്ഥ്യമാകുന്നതോടെ 55 ലക്ഷം പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ ലഭിക്കുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു.

ഈ മേഖലയിൽ ഏറെ തൊഴിൽ അവസരങ്ങളുണ്ടെങ്കിലും ഇതുവരെ അത് മുതലെടുക്കാൻ സാധിച്ചിട്ടില്ല. ദക്ഷിണാഫ്രിക്ക, ആസ്ട്രേലിയ തുടങ്ങി ലോകത്ത് ഖനന മേഖലയിൽ മുന്നിലുള്ള രാജ്യങ്ങൾക്കുള്ള സ്രോതസുകൾ ഇന്ത്യയിലുമുണ്ട്. പക്ഷേ കൽക്കരിയും സ്വർണവും മറ്റും ഇറക്കുമതി ചെയ്യുന്നു. സ്വകാര്യ കമ്പനികൾ പുതിയ സാങ്കേതിക വിദ്യകളുമായി കടന്നുവരുന്നത് ഇന്ത്യയ്ക്ക് നേട്ടമാകും. ഖനന പ്രക്രിയ വർദ്ധിക്കുന്നതിനൊപ്പം തൊഴിൽ അവസരങ്ങളും കൂടും. രണ്ടുവർഷത്തിനുള്ളിൽ ഖനനം തുടങ്ങിയില്ലെങ്കിൽ പാട്ടക്കരാർ റദ്ദാകുന്നത് അടക്കമുള്ള വ്യവസ്ഥകൾ വലിയ മാറ്റമുണ്ടാക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനങ്ങളിൽ നിന്ന് ഖനികളുടെ നിയന്ത്രണം കേന്ദ്ര സർക്കാർ ഏറ്റെടുക്കുമെങ്കിലും ഖനനം വഴി ലഭിക്കുന്ന വരുമാനം കൃത്യമായി നൽകുമെന്നും മന്ത്രി അറിയിച്ചു. രാജ്യത്ത് ഖനനം നടക്കുന്ന സ്ഥലങ്ങളിലാണ് മാവോയിസ്റ്റ് ഭീഷണി കൂടുതലുള്ളതെന്ന് തൃണമൂൽ എം.പി സൗഗത റോയ് ചൂണ്ടിക്കാട്ടി. വേദാന്ത പോലുള്ള മൈനിംഗ് കമ്പനികളുടെ പ്രവർത്തനങ്ങളാണ് അതിന് കാരണമാകുന്നത്. ഗ്രാമസഭകളുടെയും മറ്റും അനുമതിയില്ലാതെ സ്വകാര്യ കമ്പനികൾക്ക് ഖനനത്തിന്റെ പേരിൽ കടന്നുകയറ്റത്തിന് അവസരം നൽകുന്ന ബിൽ വലിയ പ്രശ്‌നങ്ങൾക്ക് വഴി തെളിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.