
ന്യൂഡൽഹി: പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ 25 ശതമാനം പേർക്കെതിരെയും ക്രിമിനൽ കേസുകൾ. ആദ്യഘട്ട വോട്ടെടുപ്പിൽ മത്സരിക്കുന്ന 191 സ്ഥാനാർത്ഥികളിൽ
48 പേർക്കെതിരെയാണ് ക്രിമിനൽ കേസുകളുള്ളത്. 42 പേർക്കെതിരെ ഗുരുതര ക്രിമനൽ കേസുകളാണ്. 12 സ്ഥാനാർത്ഥികൾക്കെതിരെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യത്തിനാണ് കേസ്. ഇതിൽ ഒരാൾക്കെതിരെ പീഡനക്കേസാണുള്ളത്. എട്ട് സ്ഥാനാർത്ഥികൾക്കെതിരെ കൊലപാതകത്തിനാണ് കേസ്. അസോസിയേഷൻ ഒഫ് ഡെമോക്രാറ്റിക് റിഫോംസ് ആണ് കണക്ക് പുറത്തുവിട്ടത്.
സി.പി.എമ്മിന്റെ 18 സ്ഥാനാർത്ഥികളിൽ പത്തുപേർക്കെതിരെ ക്രിമിനൽ കേസുണ്ട്. ബി.ജെ.പിയുടെ 29ൽ 12, തൃണമൂലിന്റെ 29ൽ 10, കോൺഗ്രസിന്റെ ആറിൽ 2 പേർക്കെതിരെയും ക്രിമിനൽ കേസുകളുണ്ട്.
ബി.ജെ.പിയിലെ 12, തൃണമൂലിലെ 10, സി.പി.എമ്മിലെ 9, കോൺഗ്രസിലെ രണ്ടുപേർക്കെതിരെയും ഗുരുതര ക്രിമിനൽ കേസുകളാണ്. 191 സ്ഥാനാർത്ഥികളിൽ 19 പേർ കോടിപതികളാണ്.
കോടിപതികൾ കൂടുതൽ തൃണമൂലിലും ബി.ജെ.പിയിലുമാണ്. മാർച്ച് 27ന് നടക്കുന്ന ഒന്നാംഘട്ടത്തിൽ 38 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.