
ന്യൂഡൽഹി: കേന്ദ്രം കൊണ്ടുവന്ന നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കാൻ സംസ്ഥാന നിയമസഭകൾക്ക് അധികാരമില്ലെന്നും അതു തടയണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി നാലാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ സുപ്രീം കോടതി മാറ്റി.
പൗരത്വ ഭേദഗതി, കാർഷിക ഉല്പന്നങ്ങളുടെ വിപണനം തുടങ്ങിയവ സംബന്ധിച്ച് കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമങ്ങൾക്കെതിരെ കേരളം, പശ്ചിമബംഗാൾ, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ പാസാക്കിയ പ്രമേയങ്ങൾ ചോദ്യം ചെയ്ത് സാംതാ ആന്ദോളൻ സമിതി സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ച് പിന്നീട് പരിഗണിക്കാൻ മാറ്റിയത്.
എന്തുകൊണ്ട് പ്രമേയം പാസാക്കാൻ പാടില്ലെന്ന് കോടതി ആരാഞ്ഞു. കേരളം സി.എ.എയെക്കെതിരെ പ്രമേയം പാസാക്കിയതിന് അർത്ഥം ജനങ്ങൾ നിയമം അനുസരിക്കരുത് എന്നല്ല. അഭിപ്രായം രേഖപ്പെടുത്തുക മാത്രമാണ് കേരളം ചെയ്തതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ എല്ലാവർക്കും അവകാശമുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കാനാണ് കോടതിയ്ക്ക് താൽപര്യമെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അറിയിച്ചു.