
ന്യൂഡൽഹി: ഇന്ത്യയുമായി നിലവിലുള്ള പ്രതിരോധ സഹകരണം കൂടുതൽ മെച്ചപ്പെടുത്താനും ഇന്തോ - പസഫിക് മേഖലയിൽ സുരക്ഷ ഉറപ്പിക്കാനും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിലുള്ള സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഇന്ത്യ സന്ദർശിക്കുന്ന യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ വ്യക്തമാക്കി. സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ഓസ്റ്റിൻ ഇക്കാര്യം അറിയിച്ചത്.
ബൈഡൻ-കമലാ ഹാരിസ് ഭരണകൂടത്തിന് പങ്കാളികളുമായുള്ള പ്രതിബദ്ധത അറിയിക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യങ്ങളിലൊന്നെന്ന് ഓസ്റ്റിൻ പറഞ്ഞു. ഇന്ത്യയുമായുള്ള പ്രധാന പ്രതിരോധ പങ്കാളിത്തം വിപുലപ്പെടുത്താൻ
യു.എസ് ഭരണകൂടം മുൻഗണന നൽകുന്നു. മേഖലയിലെ സുരക്ഷാ സഹകരണം, സൈന്യങ്ങൾ തമ്മിലുള്ള ഇടപെടലുകൾ, പ്രതിരോധ ഇടപാടുകൾ തുടങ്ങിയ വിഷയങ്ങളും ചർച്ചയായി.
ഇന്ത്യയും യു.എസുമായുള്ള സമഗ്രവും തന്ത്രപരവുമായ ആഗോള സഹകരണം പൂർണതോതിൽ വിപുലപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഫലപ്രദമായ ചർച്ചയാണ് നടന്നതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും പറഞ്ഞു. സായുധ സേനകൾ തമ്മിലുള്ള ഇടപെടലുകൾ, വിവരങ്ങൾ കൈമാറൽ, പ്രതിരോധ മേഖലയിലെ നൂതനമായ വിഭാഗങ്ങളിലുള്ള സഹകരണം, ഇരുവരുടെയും സൗകര്യങ്ങൾ പങ്കിടൽ തുടങ്ങിയവ വിശദമായി ചർച്ച ചെയ്‌തു.
ഇന്തോ-പസഫിക് കമാൻഡ്, ആഫ്രിക്ക കമാൻഡ്, സെൻട്രൽ കമാൻഡ് എന്നിവയിലൂടെയുള്ള പരസ്പര സഹകരണവും അവലോകനം ചെയ്‌തു. യു.എസുമായുണ്ടാക്കിയ എൽ.ഇ.എം.ഒഎ, കോംകാസ, ബെക്ക സൈനിക സഹകരണ കരാറുകൾ ഫലപ്രദമായി നടപ്പാക്കുന്നതും ചർച്ചയായെന്ന് രാജ്നാഥ് പറഞ്ഞു. ഇന്ത്യൻ പ്രതിരോധ മേഖലയിൽ വിദേശനിക്ഷേപത്തിനുള്ള ഇളവുകൾ പ്രയോജനപ്പെടുത്തണമെന്ന് രാജ്നാഥ് അഭ്യർത്ഥിച്ചു.
വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലുമായും ഓസ്റ്റിൻ കൂടിക്കാഴ്ച നടത്തി. ഇന്തോ-പസഫിക് മേഖലയിൽ ചൈന ഉയർത്തുന്ന വെല്ലുവിളികൾ ഡോവലുമായി ചർച്ച ചെയ്‌തു.
ബൈഡൻ അധികാരമേറ്റ ശേഷം ഓസ്റ്റിൻ നടത്തിയ ആദ്യ വിദേശ പര്യടനത്തിൽ ഇന്ത്യയെ ഉൾപ്പെടുത്തിയത്, യു.എസ് ഇന്ത്യയ്ക്ക് നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നതാണ്.
റഷ്യൻ ബന്ധം ചർച്ചയായേക്കും
റഷ്യയുമായുള്ള പ്രതിരോധ ഇടപാടുകളിൽ നിന്ന് ഇന്ത്യ പിന്മാറണെന്ന ആവശ്യം ഓസ്റ്റിൻ ഇന്ത്യൻ നേതാക്കളുമായുള്ള ചർച്ചകളിൽ ഉന്നയിക്കുമെന്ന് സൂചനയുണ്ട്. റഷ്യൻ എസ് - 400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാനുള്ള ഇടപാട് ഉപേക്ഷിച്ചില്ലെങ്കിൽ ഉപരോധം നേരിടേണ്ടി വരുമെന്ന യു.എസ് സെനറ്റിന്റെ മുന്നറിയിപ്പും അദ്ദേഹം ഇന്ത്യയെ അറിയിക്കും. റഷ്യ- യു.എസ് ബന്ധം വഷളായി വരുന്ന സാഹചര്യത്തിലാണിത്. ചൈനയെ പ്രതിരോധിക്കാൻ യു.എസിന്റെ സഹകരണം ആവശ്യമാണെങ്കിലും സൗഹൃദ രാജ്യമായ റഷ്യയുമായുള്ള പങ്കാളിത്തം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടാൽ നരേന്ദ്ര മോദി സർക്കാരിനത് തലവേദനയാകും.