train

ന്യൂഡൽഹി: സ്‌ത്രീകൾക്കു നേരെയുള്ള അക്രമങ്ങൾ കൂടുന്ന സാഹചര്യത്തിൽ ട്രെയിനുകളും സ്റ്റേഷനുകളും പരിസരങ്ങളും സുരക്ഷിതമാക്കാൻ റെയിൽവേ വിശദമായ മാർഗ്ഗരേഖ തയ്യാറാക്കി. വനിതാ കോച്ചുകളുടെ സുരക്ഷ കൂട്ടിയും ട്രെയിനുകളിൽ പരിശോധന നടത്തിയും കുറ്റകൃത്യങ്ങൾ തടയും. പ്ളാറ്റ്ഫോമുകളിൽ സി.സി.ടി.വി സ്ഥാപിച്ചും വെളിച്ചം ഉറപ്പാക്കിയും നിരീക്ഷണം ശക്തമാക്കും.

സ്റ്റേഷൻ പരിസരം

പ്ളാറ്റ്ഫോം, യാർഡ്, പാർക്കിംഗ്, സ്റ്റേഷൻ പരിസരങ്ങളിൽ വെളിച്ചം ഉറപ്പാക്കും

 ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങൾ പൊളിക്കും

 അനധികൃത വഴികൾ അടയ്ക്കും. കുറ്റിക്കാടുകൾ വെട്ടിത്തെളിക്കും.

 രാത്രികാലങ്ങളിൽ വെയിറ്റിംഗ് റൂമുകളിൽ പ്രവേശിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കും

 കഴുകിയശേഷം യാർഡുകളിൽ നിന്ന് തിരികെ വരുന്ന കോച്ചുകളുടെ വാതിലുകളും ജനാലകളും പൂട്ടിയിടും. യാർഡുകളിലും മറ്റും അനധികൃത പ്രവേശനം അനുവദിക്കില്ല.

 സ്റ്റേഷൻ പരിസരത്ത് വിലസുന്ന മദ്യപൻമാരെയും പൂവാലൻമാരെയും പിടികൂടും

 പ്ളാറ്റ്ഫോമിലും പ്രധാനപ്പെട്ട സ്ഥലങ്ങളിലും സദാസമയവും പ്രവർത്തിക്കുന്ന സി.സി.ടി.വി സ്ഥാപിക്കും. ലേഡീസ് കോച്ച് വന്നു നിൽക്കുന്ന ഭാഗത്ത് പ്ളാറ്റ്ഫോമിൽ സി.സി.ടിവി കാമറ സ്ഥാപിക്കും.

ട്രെയിനിൽ

 ശുചിമുറികളുടെ പരിസരത്ത് ആൾക്കൂട്ടം ഒഴിവാക്കും

 ട്രെയിൻ ജീവനക്കാർക്ക് ബോധവത്‌ക്കരണം നൽകും.

 ഒറ്റയ്‌ക്ക് യാത്ര ചെയ്യുന്ന സ്‌ത്രീകൾക്കും,കുട്ടികളുമായി വരുന്നവർക്കും പ്രത്യേക ശ്രദ്ധ.

 ട്രെയിൻ ജീവനക്കാർ, വിൽപനക്കാർ എന്നിവർക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധം.

 കോച്ചുകളിലെ സി.സി.ടി.വി കാമറകൾ പ്രവർത്തന ക്ഷമമെന്ന് ഉറപ്പു വരുത്തും.

 ഗാർഡ് കോച്ചിനടുത്ത് പ്ളാറ്റ്ഫോമിന് വെളിയിലേക്ക് തള്ളി നിൽക്കുന്ന ലേഡീസ് കോച്ചുകളുടെ സുരക്ഷയ്‌ക്ക് മുൻഗണന.

 ട്രെയിൻ സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോഴും യാത്ര തുടരുമ്പോഴും ചാടി ഇറങ്ങുന്നവർ ക്രിമിനലുകളാണോ എന്നറിയാൻ ചോദ്യം ചെയ്യും.