
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഈ വർഷം ഇതാദ്യമായി 40,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,953 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 188 പേർ മരിച്ചു. 23,653 പേർ രോഗമുക്തി നേടി. ഡൽഹിയിലും പ്രതിദിന രോഗികളിൽ വീണ്ടും കുതിപ്പുണ്ടായി. 24 മണിക്കൂറിനിടെ 813 രോഗികൾ. ഇതും ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ്.
മഹാരാഷ്ട്ര, തമിഴ്നാട്, പഞ്ചാബ്, മദ്ധ്യപ്രദേശ്, ഗുജറാത്ത്, കർണാടക, ഹരിയാന സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളുയരുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തിൽ പ്രതിദിന രോഗികൾ ആയിരത്തിലേറെയാണെങ്കിലും തുടർച്ചയായി എണ്ണം കുറയുന്നുണ്ട്.
അതേസമയം അസാം, ഉത്തരാഖണ്ഡ്, ഒഡിഷ, പുതുച്ചേരി, ലക്ഷദീപ്, സിക്കിം, ലഡാക്ക്, മണിപ്പൂർ, ദാദ്ര നഗർഹവേലി, ദാമൻ ദിയു, മേഘാലയ, നാഗാലാൻഡ്, ത്രിപുര, ആൻഡമാൻ നിക്കോബാർ, അരുണാചൽ എന്നിവിടങ്ങളിൽ പുതിയ കൊവിഡ് മരണങ്ങളില്ല.
കൊവിഡ്: അലംഭാവത്തിനെതിരെ നടപടിക്ക് കേന്ദ്ര നിർദ്ദേശം
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതർ വീണ്ടും കൂടുന്ന പശ്ചാത്തലത്തിൽ മാസ്ക് ധരിക്കുന്നതടക്കം മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് കത്തയച്ചു. ഹോളി, വിഷു തുടങ്ങി ഉത്സവ സീസണുകൾ വരാനിരിക്കെയാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല കത്തെഴുതിയത്.
കഴിഞ്ഞ അഞ്ച് മാസമായി കുറഞ്ഞുവന്ന കൊവിഡ് കേസുകൾ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഒരാഴ്ചയായി കൂടുകയാണ്. ആൾക്കൂട്ടമുണ്ടാകുന്ന ഇടങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തതാണ് പ്രധാന കാരണം. മാസ്ക്, സാമൂഹിക അകലം പാലിക്കൽ, കൈകളുടെ ശുചിത്വം എന്നിവയിൽ വിട്ടുവീഴ്ച പാടില്ല.
കൊവിഡ്: യാത്ര അത്യാവശ്യത്തിന് മാത്രം മതി
ന്യൂഡൽഹി: കൊവിഡ് അവസാനിച്ചെന്ന തരത്തിൽ ജനങ്ങളുടെ മനോഭാവത്തിൽ വന്ന മാറ്റമാണ് വീണ്ടും രോഗബാധ ഉയരാനിടയാക്കിയതെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ പറഞ്ഞു. അത്യാവശ്യമല്ലാത്ത യാത്രകൾ കുറച്ചുകാലത്തേക്ക് കൂടി ഒഴിവാക്കണം. വാക്സിനെടുത്താൽ എട്ടു മുതൽ പത്തുമാസം വരെയാണ് കൊവിഡിൽ നിന്നുള്ള സംരക്ഷണം പ്രതീക്ഷിക്കുന്നത്. ചിലപ്പോൾ പത്തു മാസത്തിൽ കൂടുതൽ ലഭിച്ചേക്കാം. അടുത്ത എട്ടാഴ്ചയ്ക്കുള്ളിൽ രണ്ട് വാക്സിൻ കൂടി ലഭ്യമാകും. കൊവിഡ് മാർഗനിർദ്ദേശങ്ങൾ പാലിക്കാത്തതാണ് വീണ്ടും കേസുകളുയർത്തിയതെന്ന് നീതി ആയോഗ് ആരോഗ്യവിഭാഗം അംഗം വി.കെ. പോളും പറഞ്ഞു.