
ന്യൂഡൽഹി: ട്രെയിനിൽ പുകവലിക്കുന്നവർക്ക് കനത്ത പിഴ ചുമത്താനും ജയിൽശിക്ഷ നൽകാനും നിയമം കൊണ്ടുവരാൻ റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന്റെ അദ്ധ്യക്ഷതയിൽ റെയിൽവെ ബോർഡ് അംഗങ്ങളും സോണൽ മാനേജർമാരും പങ്കെടുത്ത ഉന്നതതല യോഗം തീരുമാനിച്ചു.
കഴിഞ്ഞ ദിവസം ഡൽഹി-ശതാബ്ദി എക്സ് പ്രസ് ട്രെയിനിൽ തീപിടിത്തം ഉണ്ടായത് ശുചിമുറിയിൽ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്നാണെന്ന് കണ്ടെത്തിയിരുന്നു. ടിഷ്യു പേപ്പറുകൾ കിടന്ന കുപ്പയിലേക്ക് ആരോ സിഗരറ്റ് കുറ്റി വലിച്ചെറിയുകയായിരുന്നു.
നിലവിൽ റെയിൽവേ നിയമത്തിന്റെ 167-ാം വകുപ്പ് പ്രകാരം ട്രെയിനിലും പ്ളാറ്റ്ഫോം പരിസരത്തും പുകവലിക്കുന്നത് കുറ്റകരമാണ്.100 രൂപ മാത്രമാണ് പിഴ. ശുചിമുറിയിൽ കയറിയാണ് പലരും പുകവലിക്കുന്നത്. ഇതു കർശനമായി തടയാനാണ് പുതിയ നിയമം കൊണ്ടുവരുന്നത്.