ന്യൂഡൽഹി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കാൻ എൻഫോഴ്സ്‌മെൻറ് ഡയറക്ടറേറ്റ് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. വൻസ്വാധീനമുള്ള ശിവശങ്കർ ജാമ്യത്തിൽ ഇറങ്ങിയശേഷം സർക്കാർ സംവിധാനം ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നാണ് പുതിയ അപേക്ഷയിലെ ആരോപണം.
ശിവശങ്കറിന് ഹൈക്കോടതി അനുവദിച്ച ജാമ്യം സ്റ്റേ ചെയ്യണമെന്ന ഇ.ഡിയുടെ ആവശ്യം ജസ്റ്റിസ് അശോക്ഭൂഷണിന്റെ ബെഞ്ച് നേരത്തെ തള്ളിയിരുന്നു.
മുഖ്യമന്ത്രിക്കെതിരെ വ്യാജമൊഴി നൽകാൻ സമ്മർദ്ദം ചെലുത്തിയെന്ന വെളിപ്പെടുത്തലിൽ ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാന ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം കേസെടുത്തിരുന്നു.
സംസ്ഥാന പൊലീസ് അന്വേഷണ ഏജൻസിയെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നു. ഇ.ഡിക്കും അന്വേഷണ ഉദ്യോഗസ്ഥനും എതിരെ സംസ്ഥാന സർക്കാർ കേസെടുക്കുമെന്ന് റിപ്പോർട്ടുണ്ട്.
ശിവശങ്കർ അന്വേഷണ ഉദ്യോഗസ്ഥരിൽ സമ്മർദ്ദം ചെലുത്തി അന്വേഷണവും വിചാരണയും അട്ടിമറിക്കാനും ഉദ്യോഗസ്ഥർക്കെതിരെ വ്യാജ തെളിവുകളുണ്ടാക്കാനും ശ്രമിക്കുന്നു. ഈ സാഹചര്യത്തിൽ ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വപ്‌ന സുരേഷിന് മേൽ ഇ.ഡി സമ്മർദ്ദം ചെലുത്തിയെന്ന് സ്വപ്‌നയുടെ സുരക്ഷ നോക്കിയ വനിതാ പൊലീസുകാർ മൊഴി നൽകിയിരുന്നു. എന്നാൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തിയെന്ന് സ്വപ്‌ന പറഞ്ഞിട്ടില്ല.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇ.ഡി സമ്മർദ്ദം ചെലുത്തിയെന്ന് മറ്റൊരു പ്രതിയായ സന്ദീപ് നായർ സെഷൻസ് കോടതിയിൽ പറഞ്ഞതും വാസ്തവവിരുദ്ധമാണ്. അന്വേഷണ ഏജൻസിയെ കളങ്കപ്പെടുത്താനും അന്വേഷണം അട്ടിമറിക്കാനുമുള്ള കെട്ടിച്ചമച്ച കഥകളാണെന്നും ഇ. ഡി ആരോപിച്ചു.