
ന്യൂഡൽഹി: ഹാഥ്‌രസ് കൂട്ടബലാത്സംഗ കേസിന്റെ വിചാരണക്കോടതി മാറ്റിയേക്കും.
കുടുംബത്തിനും അഭിഭാഷകർക്കും നിരന്തരം ഭീഷണി നേരിടുന്നുവെന്ന് പെൺകുട്ടിയുടെ സഹോദരൻ നല്കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ അലഹബാദ് ഹൈക്കോടതിയിലെ ലക്‌നൗ ബെഞ്ചിന്റേതാണ് നിർദ്ദേശം. വിചാരണ പടിഞ്ഞാറൻ യു.പി ജില്ലയുടെ പുറത്തേക്ക് മാറ്റുന്ന കാര്യം പരിഗണിക്കണമെന്ന് ബെഞ്ച് പറഞ്ഞു.
കഴിഞ്ഞ അഞ്ചിന് കോടതിയിൽ വാദം കേൾക്കേ അഭിഭാഷകനായ തരുൺ ഹരി ശർമ അടക്കമുള്ള അഭിഭാഷകർ മദ്യപിച്ച് കോടതി മുറിയിലെത്തുകയും പരാതിക്കാർക്കും അഭിഭാഷകർക്കുമെതിരെ ഭീഷണി മുഴക്കിയെന്നും തുടർന്ന് കോടതി നടപടികൾ നിറുത്തി വയ്ക്കാൻ ഹാഥ്‌രസ് ജില്ലാക്കോടതി ജഡ്ജി നിർബന്ധിതനായെന്നും പെൺകുട്ടിയുടെ സഹോദരൻ നൽകിയ സത്യവാങ്‌മൂലത്തിൽ പറയുന്നു. ഭീഷണിയും സുരക്ഷാപ്രശ്‌നവുമുള്ളതിനാൽ പ്രത്യേക കോാടതിയിൽ ഹാജരാകാൻ അഭിഭാഷകന് സാധിച്ചിട്ടില്ലെന്നും സഹോദരൻ വ്യക്തമാക്കി.
കഴിഞ്ഞ സെപ്തംബർ 14നാണ് ഗ്രാമത്തിലെ മേൽജാതിക്കാർ ചേർന്ന് ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. ഡൽഹിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി പിന്നീട് മരണത്തിന് കീഴടങ്ങി. സെപ്തംബർ 30 പെൺകുട്ടിയുടെ മൃതദേഹം പൊലീസുകാർ അർദ്ധരാത്രിയിൽ സംസ്‌കരിക്കുകയായിരുന്നു. കേസിൽ നാലുപേരെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്.