mujibur

 ഒമാൻ സുൽത്താൻ ക്വാബൂസ് സായിദിന് 2019ലെ പുരസ്കാരം

ന്യൂഡൽഹി: ബംഗ്ളാദേശ് രാഷ്‌ട്രപിതാവ് ബംഗ്ളാബന്ധു ഷെയ്ഖ് മുജീബുർ റഹ്‌മാന് 2020ലെ ഗാന്ധി സമാധാന പുരസ്കാരം മരണാനന്തര ബഹുമതിയായി നൽകും. കൊവിഡ് മൂലം മാറ്റിവച്ച 2019ലെ ഗാന്ധി സമാധാന പുരസ്‌കാരത്തിന് അന്തരിച്ച ഒമാൻ സുൽത്താൻ ക്വാബൂസ് ബിൻ സായിദ് അൽ സായിദിനെയും തിരഞ്ഞെടുത്തു. ഒരുകോടിരൂപയും പ്രശസ്‌തി പത്രവും അടങ്ങിയതാണ് അവാർഡ്.

മുജീബുർ റഹ്‌മാന്റെ ജൻമശതാബ്‌ദി ആഘോഷത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇയാഴ്‌ച ബംഗ്ളാദേശ് സന്ദർശിക്കാനിരിക്കെയാണ് അവാർഡ് പ്രഖ്യാപനം. മുജീബുർ റഹ്മാന്റെ മകൾ ഷെയ്ഖ് ഹസീനയാണ് ബംഗ്ളാദേശിലെ പ്രധാനമന്ത്രി.

പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് ആദിർ രഞ്ജൻ ചൗധരി, ലോക് സഭാ സ്പീക്കർ ഓം ബിർള, സുലഭ് സംഘടനയുടെ സ്ഥാപകൻ ബിന്ദേശ്വർ പഥക് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് ജേതാവിനെ നിശ്ചയിച്ചത്. ഗാന്ധിജി ഉയർത്തിയ അഹിംസാ മാർഗത്തിലൂടെ സാമൂഹ്യ, സാമ്പത്തിക, രാഷ്‌ട്രീയ പരിവർത്തനം കാഴ്ചവയ്‌ക്കുന്ന ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ വ്യക്തികളെയാണ് അവാർഡിന് പരിഗണിക്കുന്നത്. ഈ വർഷം ഗാന്ധിജിയുടെ 125-ാം ജൻമശതാബ്ദി ആഘോഷ വേളയാണെന്ന പ്രത്യേകതയുമുണ്ട്.

വികസനം നടപ്പാക്കിയും ആഗോള സമാധാന പാലനത്തിന് മധ്യസ്ഥത വഹിച്ചും ശ്രദ്ധേയനായ ലോക നേതാവെന്ന നിലയിലാണ് സുൽത്താൻ ക്വാബൂസ് ബിൻ സായിദിനെ അവാർഡിന് തിരഞ്ഞെടുത്തത്. ഇന്ത്യ-ഒമാൻ ബന്ധം ഊഷ്മളമാക്കിയ അദ്ദേഹത്തിന്റെ സംഭാവനകളും കണക്കിലെടുത്തു.