
ന്യൂഡൽഹി: വെടിനിറുത്തൽ നടപ്പാക്കാൻ ഇന്ത്യയും പാകിസ്ഥാനും ധാരണയിലെത്തിയതിന് പിന്നിൽ യു.എ.ഇ നടത്തിയ മദ്ധ്യസ്ഥതാ നീക്കളാണെന്ന് സൂചന. കാശ്മീർ വിഷയത്തിൽ അടക്കം ചർച്ചകളിലൂടെ പ്രശ്‌ന പരിഹാരം നിർദ്ദേശിക്കുന്ന മാർഗരേഖ ഷേഖ് മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാന്റെ നേതൃത്വത്തിലുള്ള യു.എ.ഇ ഭരണകൂടം തയ്യാറാക്കിയെന്നാണ് വിവരം.
നിർണായക പ്രഖ്യാപനത്തിന് മാസങ്ങൾക്ക് മുൻപു തന്നെ യു.എ.ഇയുടെ നേതൃത്വത്തിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ ചർച്ചകൾ തുടങ്ങിയിരുന്നു. കഴിഞ്ഞ നവംബറിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ യു.എ.ഇ ഭരണാധികാരികളെ കണ്ടു. ഡിസംബറിൽ പാക് വിദേശകാര്യ മന്ത്രി ഷാ മസൂദ് ഖുറേഷിയും യു.എ.ഇയിലെത്തി. വെടിനിറുത്തൽ പ്രഖ്യാപിച്ച ഫെബ്രുവരി 25ന് രണ്ടാഴ്‌ച മുൻപ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായും യു. എ. ഇ ഭരണകൂടം ബന്ധപ്പെട്ടുവെന്നാണ് വിവരം. ആയിടയ്ക്ക് ശ്രീലങ്കൻ യാത്രയ്ക്ക് ഇന്ത്യൻ ആകാശത്തു കൂടി പറക്കാൻ ഇമ്രാൻ ഖാന് അനുമതി നൽകിയത് ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനയായി. 2019ന് ശേഷം ആദ്യമായാണ് പാക് വിമാനത്തിന് ഇന്ത്യ ആകാശ പാത അനുവദിച്ചത്.വെടിനിറുത്തൽ പ്രഖ്യാപനം യു.എ.ഇ സ്വാഗതം ചെയ്‌തിരുന്നു. തൊട്ടടുത്ത ദിവസം യു.ഇ.എ വിദേശകാര്യ മന്ത്രി ഷേഖ് അബ്‌ദുള്ള ബിൻ സയ്യിദ് ഡൽഹിയിലെത്തി ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്‌ചയിലും പ്രധാന അജണ്ട ഇന്ത്യാ-പാക് വിഷയമായിരുന്നുവെന്ന് സൂചനയുണ്ട്. ഇനി നടപ്പാക്കാനുള്ള സമാധാന നടപടികളും യു.എ.ഇയുടെ നേതൃത്വത്തിൽ തയ്യാറാക്കിയിട്ടുണ്ട്. നയതന്ത്ര ഉദ്യോഗസ്ഥരെ അടക്കം തിരിച്ചുവിളിച്ചത് പുന:സ്ഥാപിക്കാൻ നടപടിയുണ്ടാകും. തുടർന്ന് കാശ്മീർ വിഷയത്തിൽ അടക്കം നിറുത്തിവച്ച സമാധാന ചർച്ചകളും വീണ്ടും തുടങ്ങും.