
ന്യൂഡൽഹി : മുൻ മുംബയ് പൊലീസ് മേധാവ് പരംബീർ സിംഗ് ആഭ്യന്തര മന്ത്രിയും എൻ.സി.പി.നേതാവുമായ അനിൽ ദേശ്മുഖിനെതിരെ നടത്തിയ അഴിമതി ആരോപണങ്ങൾ കെട്ടുകഥകളാണെന്നും മന്ത്രി നിരപരാധിയാണെന്നും എൻ.സി.പി. അദ്ധ്യക്ഷൻ ശരത് പവാർ ഡൽഹിയിൽ പറഞ്ഞു. ആരോപണങ്ങൾ തെളിയും വരെ അനിൽ രാജിവയ്ക്കേണ്ടതില്ല. ഫെബ്രുവരി മദ്ധ്യത്തിലാണ് അനിൽ പൊലീസ് ഉദ്യോഗസ്ഥരുമായി രഹസ്യചർച്ച നടത്തിയതെന്ന് സിംഗ് ആരോപിക്കുന്നു. എന്നാൽ ഫെബ്രുവരി 5 മുതൽ 15 വരെ കൊവിഡ് ബാധിച്ച് മന്ത്രി ചികിത്സയിലായിരുന്നു. 15 മുതൽ 27 വരെ നാഗ്പൂരിൽ ക്വാറന്റൈനിലായിരുന്നു.
അപ്പോൾ മുംബയിൽ ചർച്ച നടത്തിയെന്ന് എങ്ങനെ പറയാനാകും. അംബാനികേസിലെ ദുരൂഹതയും കാർ ഉടമസ്ഥൻ മൻസുഖിന്റെ കൊലപാതകം സംബന്ധിച്ചും മാർച്ച് ആദ്യം വാരം വിവരം കിട്ടിയതെന്ന് പരംബീർ പറയുന്നു. എന്നിട്ട് എന്തുകൊണ്ട് അന്ന് തന്നെ ഇവ പുറത്തറിയിച്ചില്ല. കൃത്യമായ അന്വേഷണമാണ് നടക്കുന്നത്. അത് വഴിതിരിച്ച് വിടാതിരിക്കാനാണ് ഇപ്പോൾ ശ്രമിക്കേണ്ടതെന്നും പവാർ ആവശ്യപ്പെട്ടു.
ഇതിനിടെ എന്നാൽ അനിൽ 15ന് വാർത്താസമ്മേളനം നടത്തിയെന്നും പവാറാണ് കഥകൾ മെനയുന്നതെന്നും ബി.ജെ.പി നേതാവ് അമിത് മാൽവിയ ട്വീറ്റ് ചെയ്തു. എൻ.സി.പി. നേതാക്കളായ ഉപമുഖ്യമന്ത്രി അജിത് പവാറും ജയന്ത് പാട്ടീലും ശരത് പവാറുമായി ചർച്ച നടത്തിയിരുന്നു. പാർട്ടിയ്ക്കുള്ളിലും അനിലിനെതിരെ വിമർശമുണ്ടായ പശ്ചാത്തലത്തിൽ രാജി സംബന്ധിച്ച അന്തിമ തീരുമാനം എൻ.സി.പി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് വിട്ടു. ജനങ്ങൾക്ക് സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാൽ മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി.
സി.ബി.ഐ അന്വേഷണം വേണം:
പരംബീർ സുപ്രീംകോടതിയിൽ
അതേസമയം അനിൽ ദേശ്മുഖിനെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പരംബീർ സിംഗ് സുപ്രീംകോടതിയിൽ ഹർജി നൽകി. റസ്റ്റോറന്റുകൾ, പബ്ബുകൾ, ബാറുകൾ, പാർലറുകൾ എന്നിവയിൽ നിന്ന് പണം പിരിച്ച് എല്ലാ മാസവും 100 കോടി നൽകാൻ മന്ത്രി പൊലീസിനോടാവശ്യപ്പെട്ടെന്ന് പരംബീർ ഹർജിയിൽ ആരോപിക്കുന്നു. സച്ചിൻ വാസെയെയടക്കം മന്ത്രി ഇടപെട്ടാണ് നിയമിച്ചതെന്നും ഹർജിയിൽ ആരോപിക്കുന്നു. അതേസമയം, പരം ബീർ സിംഗ് ഹോംഗാർഡ് സിവിൽ ഡിഫൻസ് ഡയറക്ടർ ജനറലായി ഇന്നലെ ചുമതലയേറ്റു.
ഇരുസഭകളിലും ചർച്ച
മഹാരാഷ്ട്രയിലെ അഴിമതി ആരോപണം ലോക്സഭയിലും ചർച്ചയായി. രാജ്യസഭയിലാകട്ടെ ഇത് വൻ പ്രതിഷേധത്തിന് വകവച്ചതോടെ ഉച്ചയ്ക്ക് 2 വരെ സഭാ നടപടികൾ നിറുത്തിവച്ചു.