drinking-habit

ന്യൂഡൽഹി: മദ്യപിക്കാനുള്ള നിയമപരമായ പ്രായം 25ൽ നിന്ന് 21 ആയി കുറയ്ക്കാനും മദ്യവിൽപന സ്വകാര്യമേഖലയിൽ മാത്രമൊതുക്കാനും ആം ആദ്മി സർക്കാർ തീരുമാനിച്ചു. ഇതടക്കമുള്ള പുതിയ എക്‌സൈസ് നയം ഡൽഹി സർക്കാർ നടപ്പാക്കും. എക്‌സൈസ് വരുമാനം വർദ്ധിപ്പിക്കാനായാണിത്. മദ്യം വിൽക്കുന്ന സ്ഥലങ്ങളിൽ 21 വയസിന് താഴെയുള്ളവർക്ക് പ്രവേശനമുണ്ടാകില്ല. കൂടാതെ സർക്കാർ മദ്യവിൽപനയിൽ നിന്ന് പിൻവാങ്ങാനും പുതിയ സ്റ്റോറുകൾ തുറക്കേണ്ടതില്ലെന്നും തീരുമാനിച്ചതായി എക്സൈസ് നയം വിശദീകരിച്ച ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.

മദ്യം വിൽക്കുന്ന കടകളുടെ മുൻഭാഗം റോഡിന് അഭിമുഖമായി വരരുതെന്നും ചുരുങ്ങിയത് 500 ചതുരശ്ര അടി വിസ്‌തീർണ്ണം വേണമെന്നും പുതിയ നയത്തിൽ നിഷ്‌കർഷിക്കുന്നു. സ്റ്റോറുകൾക്ക് അന്താരാഷ്‌ട്ര നിലവാരം വേണം. കടകൾക്ക് സമീപം തുറന്ന സ്ഥലത്ത് മദ്യപാനം അനുവദിക്കില്ല.