
ന്യൂഡൽഹി: ലൈറ്റ് ഹൗസുകൾക്ക് പകരം ജലയാനങ്ങളുടെ ഗതി നിയന്ത്രിക്കാൻ പുതിയ സാങ്കേതികവിദ്യകൾക്ക് അവസരം നൽകുന്ന മറൈൻ എയ്ഡ്സ് ടു നാവിഗേഷൻ ബിൽ 2021 ലോക്സഭ പാസാക്കി. 90 വർഷം മുൻപ് ബ്രിട്ടീഷ് ഭരണ കാലത്ത് കൊണ്ടുവന്ന നിയമമാണ് ഭേദഗതി ചെയ്യുന്നത്. പുതിയ ബിൽ നിയമമാകുന്നതോടെ വെറും സ്മാരകങ്ങളായി മാറുന്ന ലൈറ്റ് ഹൗസുകളെ ടൂറിസ്റ്റ് കേന്ദ്രങ്ങളും വിദ്യാഭ്യാസ, സാംസ്‌കാരിക കേന്ദ്രങ്ങളുമാക്കി മാറ്റുമെന്ന് കേന്ദ്ര ഷിപ്പിംഗ് തുറമുഖ മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. രാജ്യത്ത് ആകെ 195 ലൈറ്റ് ഹൗസുകളാണുള്ളത്. ലൈറ്റ്ഹൗസുകളുടെ നിയന്ത്രണമുള്ള ലൈറ്റ്ഹൗസസ് ആൻഡ് ലൈറ്റ് ഷിപ്പ്സ് ഡയറക്‌ടർ ജനറൽ ഓഫീസിന് പുതിയ ബില്ലിൽ കൂടുതൽ അധികാരങ്ങളും പരിശീലനമടക്കം ദൗത്യങ്ങളും വ്യവസ്ഥ ചെയ്യുന്നുണ്ട്.
ഡൽഹിയിൽ ലെഫ്. ജനറലിന് കൂടുതൽ അധികാരം
ഡൽഹി ലഫ്. ജനറലിന് കൂടുതൽ അധികാരങ്ങൾ ഉറപ്പാക്കുന്ന നാഷണൽ കാപ്പിറ്റൽ ടെറിറ്ററി ഒഫ് ഡൽഹി ഭേദഗതി ബിൽ പാർലമെന്റ് പാസാക്കി. കഴിഞ്ഞ ദിവസം രാജ്യസഭയും ഇന്നലെ ലോക്‌സഭയും ബില്ലിന് അംഗീകാരം നൽകി. സുപ്രധാന തീരുമാനങ്ങളെടുക്കുന്നതിന് മുൻപ് ലെഫ്റ്റനന്റ് ഗവർണറുടെ അനുമതി തേടണമെന്ന വ്യവസ്ഥയാണ് ബില്ലിനെ ശ്രദ്ധേയമാക്കുന്നത്. ഡൽഹി സർക്കാരിന് മൂക്കുകയറിടാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന രാഷ്‌ട്രീയ ആയുധമാണെന്ന് ആരോപിച്ച് പ്രതിപക്ഷം ബില്ലിനെ എതിർത്തു. എന്നാൽ ആരോപണം തള്ളിയ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷൻ റെഡ്ഡി നിയമത്തിലെ ചില കുറവുകൾ നികത്താനാണ് ഭേദഗതിയെന്നും ലെഫ്റ്റനന്റ് ഗവർണറുമായി ചർച്ച ചെയ്‌ത് കാര്യങ്ങൾ നടപ്പാക്കണമെന്ന് സുപ്രീംകോടതി വിധിയുണ്ടെന്നും പറഞ്ഞു.