
പ്രധാന വിഭാഗങ്ങളിൽ വോട്ടെടുപ്പുണ്ടായില്ല
ന്യൂഡൽഹി: സ്വർണ കമലവും രണ്ടരലക്ഷം രൂപയുമടങ്ങിയ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം മലയാള സിനിമയ്ക്ക് ലഭിക്കുന്നത് 9 വർഷത്തിനു ശേഷം. 2010ൽ ആദാമിന്റെ മകൻ അബുവിലൂടെയാണ് അവസാനം ലഭിച്ചത്. തിയേറ്ററിലെത്തിയിട്ടില്ലാത്ത മരക്കാർ അറബിക്കടലിന്റെ സിംഹം അതിഗംഭീര സിനിമയെന്നാണ് ജൂറിയുടെ വിലയിരുത്തൽ.
മികച്ച സിനിമ, നടൻ, നടി തുടങ്ങിയ വിഭാഗങ്ങളിൽ സാരമായ തർക്കമില്ലാതെയാണ് പുരസ്കാരം നിശ്ചയിച്ചത്. മേക്കപ്പ്, വസ്ത്രാലങ്കാരം, സൗണ്ട് ഡിസൈൻ തുടങ്ങി 5 വിഭാഗങ്ങളിൽ മാത്രമാണ് വോട്ടെടുപ്പ് നടന്നത്. ഫീച്ചർ വിഭാഗത്തിൽ
സംവിധായകനും നിർമ്മാതാവുമായ എൻ.ചന്ദ്ര ചെയർമാനായ 11 അംഗ ജൂറിയിൽ നിർമ്മാതാവ് ജി.പി. വിജയകുമാർ, ഛായാഗ്രാഹകൻ എസ്. കുമാർ എന്നീ മലയാളികളും അംഗങ്ങളായി. അരുൺ ഛദ്ദയുടെ അദ്ധ്യക്ഷതയിലുള്ള നോൺ ഫീച്ചർ വിഭാഗത്തിലെ ജൂറിയിൽ ശ്രീപ്രകാശ് മേനോൻ അംഗമായി. പ്രശസ്ത സംവിധായകൻ ഷാജി എൻ. കരുൺ ആണ് സിനിമ സൗഹൃദ സംസ്ഥാനത്തെ നിശ്ചയിച്ച ജൂറിയുടെ ചെയർമാൻ. രവി കൊട്ടാരക്കര അംഗമായിരുന്നു.
അവസാന റൗണ്ടിൽ കങ്കണ മാത്രം
മികച്ച നടനുള്ള മത്സരത്തിൽ മലയാളത്തിൽ നിന്ന് ആരും അവസാന റൗണ്ടിലെത്തിയില്ല. ആദ്യഘട്ടത്തിൽ മരക്കാറിലെ പ്രകടനത്തിന് മോഹൻലാലിനെ പരിഗണിച്ചിരുന്നു. ഒറ്റ സെരിപ്പു സൈസ്-7 എന്ന തമിഴ് സിനിമയിലൂടെ നടൻ പാർത്ഥിപനും പരിഗണനയിൽ വന്നു.
ധനുഷ് 2011ൽ ആടുകളത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം നേടിയിരുന്നു. 2000ൽ സത്യ എന്ന സിനിമയിലൂടെ മികച്ച നടനായ മനോജ് ബാജ്‌പേയ് 2005ൽ പ്രത്യേക ജൂറി പുരസ്‌കാരത്തിനും അർഹനായിരുന്നു.
മണികർണിക, പങ്ക എന്നീ ചിത്രങ്ങളിലെ കങ്കണയുടെ പ്രകടനം മറ്റു നായികമാരെ മാരത്തൺ ദൂരത്തിൽ പിന്നിലാക്കുന്നതാണെന്നാണ് ഒരു ജൂറി അംഗം കേരളകൗമുദിയോട് പറഞ്ഞത്. ഹെലെൻ എന്ന സിനിമയിൽ മികച്ച വേഷം ചെയ്ത അന്ന ബെൻ ഒരുഘട്ടത്തിൽ പരിഗണിക്കപ്പെട്ടു. ക്വീൻ(2015), തനു വെഡ്‌സ് മനു(2016) എന്നീ സിനിമകളിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയിട്ടുള്ള കങ്കണ 2008ൽ ഫാഷൻ എന്ന സിനിമയിലൂടെ മികച്ച സഹനടിയുമായി.
അവസാന റൗണ്ടിൽ 20 ഓളം പേരാണ് മാത്യുകുട്ടി സേവ്യറിന് വെല്ലുവിളിയായി ഉണ്ടായത്. കായിക ഇനങ്ങളെയും ചരിത്ര നായകരെയും പ്രമേയമാക്കിയ നിരവധി സിനിമകളും പുരസ്കാരത്തിനായി മത്സരരംഗത്തുണ്ടായി. കബഡി, നീന്തൽ, ബാസ്‌കറ്റ് ബാൾ, ക്രിക്കറ്റ്, ഫുട്‌ബാൾ, വനിത ഫുട്‌ബാൾ, ക്രിക്കറ്റ് തുടങ്ങിയ ഇനങ്ങൾ പ്രമേയമായി ചിത്രങ്ങളും കുഞ്ഞാലിമരക്കാരെ കൂടാതെ സായ്‌രാ നരസിംഹറെഡ്ഡി, നേതാജി സുഭാഷ് ചന്ദ്രബോസ്, ലാൽബഹദൂർ ശാസ്ത്രി തുടങ്ങിയ ചരിത്രനായകരെക്കുറിച്ചുള്ള ചിത്രങ്ങളും സജീവമായി പരിഗണനയിലുണ്ടായിരുന്നു.
461 ചിത്രങ്ങളാണ് ഫീച്ചർ വിഭാഗത്തിൽ പരിഗണിച്ചത്. അവസാന റൗണ്ടിൽ 105 സിനിമകൾ പരിഗണിച്ചു. നോൺ ഫീച്ചർ വിഭാഗത്തിൽ 220. സിനിമയെക്കുറിച്ചുള്ള 25 പുസ്തകങ്ങളും മത്സരത്തിനുണ്ടായിരുന്നു. സിനിമ സൗഹൃദ സംസ്ഥാനത്തിന് പരിഗണിച്ചത് 13 സംസ്ഥാനങ്ങളെയാണ്.