ന്യൂഡൽഹി:ലോക്ക് ഡൗൺ കാലയളവിൽ വായ്പാ തിരിച്ചടവിന് പ്രഖ്യാപിച്ച മോറട്ടോറിയം നീട്ടാനും ആ കാലയളവിലെ പലിശയ്ക്ക് ഇളവ് നൽകാനും കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം,കൂട്ടുപലിശയും പിഴപ്പലിശയും ഈടാക്കുന്നത് കോടതി തടഞ്ഞു. മോറട്ടോറിയവുമായി ബന്ധപ്പെട്ട ഇളവുകൾ തേടി സമർപ്പിച്ച ഒരുകൂട്ടം ഹർജികൾ തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, എം.ആർ.ഷാ, സഞ്ജീവ് ഖന്ന എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ സുപ്രധാന വിധി. കഴിഞ്ഞ വർഷം മാർച്ച് ഒന്നു മുതൽ ആഗസ്റ്റ് 31 വരെയായിരുന്നു മോറട്ടോറിയം കാലാവധി.
പലിശ പൂർണമായും എഴുതിത്തള്ളുന്നത് ബാങ്കുകളെ തകർക്കുമെന്ന് കോടതി നിരീക്ഷിച്ചു. നിക്ഷേപകർക്കും പെൻഷൻകാർക്കും അടക്കം പലിശയും പെൻഷനും നൽകാൻ ബാങ്കുകൾ ബാദ്ധ്യസ്ഥരാണെന്നും കോടതി ചൂണ്ടിക്കാട്ടി. മോറട്ടോറിയം സംബന്ധിച്ച ആർ.ബി.ഐയുടെ സർക്കുലർ ബാങ്കുകൾക്ക് മാത്രമല്ല, എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും ബാധകമാണ്.
കൂട്ടുപലിശയും പിഴയും പാടില്ല
വായ്പാപരിധി നോക്കാതെ, മോറട്ടോറിയം കാലയളവിലെ എല്ലാ ഇടപാടുകളിലെയും കൂട്ടുപലിശയും (പലിശയിന്മേലുള്ള പലിശ), പിഴപ്പലിശയും ഒഴിവാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ധനകാര്യ സ്ഥാപനങ്ങൾ ആരിൽനിന്നെങ്കിലും കൂട്ടുപലിശ ഈടാക്കിയിട്ടുണ്ടെങ്കിൽ തിരികെ നൽകണം. മോറട്ടോറിയം കാലയളവിൽ രണ്ടു കോടിവരെയുള്ള വായ്പകൾക്കു മാത്രം കൂട്ടുപലിശ ഇളവുചെയ്ത കേന്ദ്രസർക്കാർ തീരുമാനം യുക്തിരഹിതമെന്ന് കോടതി നിരീക്ഷിച്ചു. ആ ആറുമാസത്തെ കൂട്ടുപലിശ സർക്കാർ വഹിക്കുകയാണ് ചെയ്തത്.
സാമ്പത്തിക പദ്ധതിയിൽ
ഇടപെടാനാകില്ല
സർക്കാരിന്റെ സാമ്പത്തിക പാക്കേജുകളുടെ നിയമവശം പരിശോധിക്കാമെന്നല്ലാതെ നയങ്ങളിലും പദ്ധതികളിലും ഇടപെടാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അങ്ങനെ ഇടപെടുന്നത് സാമ്പത്തിക രംഗത്തെ ബാധിക്കും. ജി.എസ്.ടി വരുമാനത്തിലെ നഷ്ടവും കൊവിഡും ലോക്ക്ഡൗണുമൊക്കെ സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. നിലവിൽ ആരോഗ്യം, ഫാർമസ്യൂട്ടിക്കൽസ്. ഭക്ഷ്യരംഗം തുടങ്ങിയ മേഖലകളിൽ അധികച്ചെലവ് നേരിടേണ്ടിവരുന്നു. അതിനാൽ ഹർജിക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.