sivasena-mp

ന്യൂഡൽഹി: മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ ഉദ്ധവ് താക്കറെ സർക്കാർ രാജിവയ്‌ക്കണമെന്ന് ലോക്‌സഭയിൽ ആവശ്യപ്പെട്ട വനിതാ എം.പിയെ, ശിവസേനാ എം.പി അരവിന്ദ് സാവന്ത് ഭീഷണിപ്പെടുത്തിയെന്ന് പരാതി.

'ഇനി മഹാരാഷ്‌ട്രയിൽ വന്നാൽ പിടിച്ച് ജയിലിടും" എന്ന് ലോക്‌സ‌ഭാ ലോബിയിൽ വച്ച് അരവിന്ദ് സാവന്ത് പറഞ്ഞുവെന്നാണ് ആന്ധ്രയിലെ അമരാവതിയിൽ നിന്നുള്ള സ്വതന്ത്ര എം.പിയായ നവനീത് കൗർ റാണെയുടെ പരാതി.

'ആന്ധ്രയിൽ നിന്നുള്ള ഭരത് മർഗാനി എം.പി സംഭവത്തിന് സാക്ഷിയാണ്. സാവന്തിന്റെ നടപടി തനിക്കെന്നല്ല, രാജ്യത്തെ സ്‌ത്രീകൾക്കാകെ അപമാനമാണ്. കർശന നടപടിയെടുക്കണമെന്നും' നവനീത് റാണെ സ്‌പീക്കർ ഓം ബിർളയ്‌ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

മഹാരാഷ്‌ട്രാ സർക്കാരിനും മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്‌ക്കും എതിരായി സംസാരിച്ചാൽ എങ്ങോട്ടും യാത്ര ചെയ്യാൻ കഴിയാത്ത വിധം മുഖം ആസിഡൊഴിച്ച് വികൃതമാക്കുമെന്ന് ശിവസേനയുടെ പേരിൽ കത്തുകളും ഫോണുകളും വരുന്നുണ്ടെന്ന് കാണിച്ച് നവനീത് പൊലീസിനും പരാതി നൽകിയിട്ടുണ്ട്.

ആരോപണം നിഷേധിച്ച സാവന്ത് ലോക്‌സഭയിൽ ഭീഷണി സ്വരത്തിൽ സംസാരിക്കുന്നത് നവനീതാണെന്ന് തിരിച്ചടിച്ചു. താൻ ജീവിതത്തിൽ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല. ലോക്‌സഭയിൽ പുറത്തുള്ളവരുടെ പേരുകൾ പരാമർശിക്കുന്നതിന് വിലക്കുണ്ടെങ്കിലും നവനീത് അത് പാലിക്കാറില്ല. പ്രശസ്തിക്കുവേണ്ടി കാര്യങ്ങൾ മാറ്റിപ്പറയാൻ ചിലർക്ക് മിടുക്കുണ്ടെന്നും സാവന്ത് പറഞ്ഞു.

മുകേഷ് അംബാനിയുടെ വസതിക്ക് മുന്നിൽ സ്ഫോടക വസ്തുക്കൾ അടങ്ങിയ കാർ കണ്ടെത്തിയ സംഭവത്തിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട മുംബയ് പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയോട് പണം പിരിച്ച് നൽകാൻ ആഭ്യന്തരമന്ത്രി നിർദ്ദേശിച്ചെന്ന ആരോപണത്തിൽ താക്കറെ സർക്കാരിനെ നവനീത് രൂക്ഷമായി വിമർശിച്ചിരുന്നു. ഇതാണ് ശിവസേനയെ പ്രകോപിപ്പിച്ചത്.

 അനിൽ ദേശ്‌മുഖിനെതിരെ ബി.ജെ.പി

മഹാരാഷ്‌ട്ര പൊലീസിൽ സ്ഥലമാറ്റത്തിനും നിയമനത്തിനും പണം പിരിക്കുന്ന റാക്കറ്റുമായി ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖിന് പങ്കുണ്ടെന്ന മുൻ സിറ്റി പൊലീസ് കമ്മിഷണർ പരംബീർ സിംഗിന്റെ ആരോപണം ഏറ്റെടുത്ത് ബി.ജെ.പി.

മന്ത്രി തനിക്കുവേണ്ടിയാണോ പാർട്ടിക്ക് വേണ്ടിയാണോ പണം പിരിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്ര മന്ത്രിയും ബി.ജെ.പി വക്താവുമായ രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു. അനിൽ ദേശ്‌മുഖിനെ പിന്തുണയ്‌ക്കുന്നതിലൂടെ എൻ.സി.പി നേതാവ് ശരത് പവാറിന്റെ പ്രതിച്ഛായയും മോശമാകുകയാണെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.