ന്യൂഡൽഹി: 45 വയസിനു മുകളിലുള്ള എല്ലാവർക്കും കൊവിഡ് വാക്സിൻ നൽകാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. ഏപ്രിൽ ഒന്നുമുതൽ ഇത് നിലവിൽവരും. രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തിലാണ് വാക്‌സിൻ നൽകുന്നതിനുള്ള പ്രായപരിധിയിൽ കേന്ദ്രസർക്കാർ ഇളവുവരുത്തിയത്. അർഹരായ എല്ലാവരും കൊ-വിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നും വാക്സിൻ സ്വീകരിക്കണമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു.
കൊവിഡ് ടാസ്ക്ഫോഴ്സിന്റെയും ആരോഗ്യ വിദഗ്ദ്ധരുടെയും ഉപദേശം പരിഗണിച്ചാണ് തീരുമാനം. നിലവിൽ 60 വയസിനു മുകളിലുള്ളവർക്കും 45 വയസിനുമേൽ പ്രായമുള്ളവരിൽ പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം, കാൻസർ, ഗുരുതര ശ്വാസകോശ രോഗങ്ങൾ, വൃക്കരോഗം തുടങ്ങിയ അസുഖങ്ങളുള്ളവർക്കുമാണ് വാക്സിൻ നൽകുന്നത്. 45 വയസിനു മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകാൻ തീരുമാനിച്ചതോടെ വാക്സിനെടുക്കാൻ ഇനി ഈ അസുഖങ്ങളുടെ രേഖകൾ ഹാജരേക്കണ്ടിവരില്ല. രാജ്യത്ത് വാക്സിനെടുത്തവരുടെ എണ്ണം അഞ്ചുകോടിയോടടുക്കുകയാണ്.