fadnavis

ന്യൂഡൽഹി: വ്യവസായി മുകേഷ് അംബാനിയുടെ വസതിക്ക് മുന്നിൽ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട മുൻ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയുമായി മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രിയും എൻ.സി.പി നേതാവുമായ അനിൽ ദേശ്‌മുഖിന് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകളുമായി ബി.ജെ.പി രംഗത്ത്.

ഫോൺ റെക്കാഡിംഗുകളും മറ്റുമായി 6 ജിഗാബൈറ്റ് വലുപ്പമുള്ള കമ്പ്യൂട്ടർ ഫയലുകൾ മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി.

സച്ചിൻ വാസെയുമായി അനിൽ ദേശ്‌മുഖ് കൂടിക്കാഴ്‌ച നടത്തിയെന്ന് തെളിയിക്കുന്ന രേഖകളാണ് ഹാജരാക്കിയത്.

ഹോട്ടലുകൾ,ബാറുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് 100 കോടി രൂപ പിരിച്ച് നൽകാൻ വാസെയോട് മന്ത്രി ആവശ്യപ്പെട്ടെന്ന് മുൻ സിറ്റി പൊലീസ് കമ്മിഷണർ പരംബീർ സിംഗ് ആരോപിച്ചിരുന്നു. അനിൽ ദേശ്‌മുഖ് ഫെബ്രുവരിയിൽ ഗസ്റ്റ്ഹൗസിലും നിയമസഭാ മന്ദിരത്തിലെ ഓഫീസിലും വച്ച് ഉദ്യോഗസ്ഥരെ കണ്ടതിന് തെളിവുണ്ടെന്ന് ഫഡ്നാവിസ് പറയുന്നു. കൊവിഡ് രോഗബാധയെ തുടർന്ന് ക്വാറന്റൈനിലായിരുന്നതിനാൽ ദേ‌ശ്‌മുഖ് ഫെബ്രുവരിയിൽ ഉദ്യോഗസ്ഥരെ കണ്ടിട്ടില്ലെന്ന എൻ.സി.പി അദ്ധ്യക്ഷൻ ശരത് പവാറിന്റെ വാദത്തെ ഖണ്ഡിക്കുന്നതാണ് തെളിവുകൾ.