
ന്യൂഡൽഹി: വീണ്ടുമുയരുന്ന കൊവിഡ് കേസുകൾ നിയന്ത്രിക്കാൻ ടെസ്റ്റ്- ട്രാക്ക് - ട്രീറ്റ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് സംസ്ഥാന കേന്ദ്ര-ഭരണപ്രദേശങ്ങൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകി.
70 ശതമാനത്തിലേറെ ആർ.ടി.പി.സി.ആർ ടെസ്റ്റുകൾ ഉറപ്പാക്കുക, സമ്പർക്കത്തിൽ വന്നവരെ എത്രയും വേഗം കണ്ടെത്തി ക്വാറന്റൈൻ ചെയ്യുക തുടങ്ങി ഇതുമായി ബന്ധപ്പെട്ട് പുതിയ മാർഗനിർദ്ദേശങ്ങളും ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. ഇവ ഏപ്രിൽ ഒന്നു മുതൽ നിലവിൽ വരും. 30 വരെ പ്രാബല്യത്തിലുണ്ടാകും. അതേസമയം സംസ്ഥാനത്തിനകത്തും പുറത്തുമുള്ള യാത്രകൾക്ക് നിയന്ത്രണം പാടില്ല. യാത്രകൾക്ക് ഇ- പെർമിറ്റ് അടക്കമുള്ള പ്രത്യേക അനുമതികൾ വേണ്ടതില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
ജോലി സ്ഥലങ്ങളിലും ആൾക്കൂട്ടങ്ങളുണ്ടാകുന്ന സ്ഥലങ്ങളിലും മാസ്‌ക് ധരിക്കുക, കൈകളുടെ ശുചിത്വം ഉറപ്പാക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയവ ചെയ്യണം.
ഇവ പാലിക്കാത്തവർക്കെതിരെ പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുക.
സാഹചര്യത്തിനനുസരിച്ച് വാർഡ് തലത്തിലടക്കമുള്ള പ്രാദേശിക നിയന്ത്രണങ്ങളേർപ്പെടുത്തുക.
പ്രോട്ടോക്കോൾ പാലിച്ച് കണ്ടെയ്‌മെന്റ് സോണിന് പുറത്ത് എല്ലാ പ്രവർത്തനങ്ങളും അനുവദനീയം.
വാക്‌സിനേഷൻ പ്രവർത്തനങ്ങൾ വേഗത്തിലാക്കണം.
ആറ് സംസ്ഥാനങ്ങളിൽ കൊവിഡ് കുതിപ്പ്
ന്യൂഡൽഹി: മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, ഗുജറാത്ത്, ഛത്തീസ്ഗഢ്, തമിഴ്നാട് എന്നീ ആറ് സംസ്ഥാനങ്ങളിൽ ദിനം പ്രതിയുള്ള പുതിയ കേസുകളിലെ വർദ്ധന തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 40,715 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതിൽ 80.90 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 3.45 ലക്ഷം ആയി ഉയർന്നു.
രാജ്യത്തെ മൊത്തം സജീവ കേസുകളിൽ 75.15 ശതമാനവും മഹാരാഷ്ട്ര, കേരളം, പഞ്ചാബ് എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുമാണ്.
കഴിഞ്ഞ 24 മണിക്കൂറിൽ 199 മരണം റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലും പഞ്ചാബിലും 58 മരണങ്ങളും കേരളം, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ 12 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
യു.കെ, ദക്ഷിണാഫ്രിക്ക, ബ്രസീൽ വകഭേദങ്ങൾ ബാധിച്ചവരുടെ എണ്ണം 795 ആയി ഉയർന്നു.